ഹാസ്യകലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം കൈമാറി

തിരുവനന്തപുരം: അന്തരിച്ച പ്രമുഖ ഹാസ്യകലാകാരന്‍ ഭവനില്‍ ഷാബുരാജിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം രണ്ട് ലക്ഷം രൂപ കൈമാറി. സാംസ്‌ക്കാരിക നിയമ വകുപ്പ് മന്ത്രി എകെബാലന്‍ ഷാബുരാജിന്റെ വീട്ടിലെത്തി ഷാബുവിന്റെ വിധവ ചന്ദ്രികക്ക് ചെക്ക് കൈമാറി.

കുടുംബത്തിലെ ഏക വരുമാനമാര്‍ഗാണ് ഷാബുരാജിന്റെ മരണത്തോടെ ഇല്ലാതായത്. ഭര്‍ത്താവിന്റെ മരണത്തോടെ കഷ്ടതയിലായ കുടുംബത്തിന് ധനസഹായം അനുവദിക്കണമെന്നും, വാതരോഗത്താല്‍ കഷ്ടത അനുഭവിക്കുന്ന ചന്ദ്രികയ്ക്ക് അടിയന്തര ചികിത്സാസഹായം അനുവദിക്കണമെന്നുമുള്ള ചന്ദ്രികയുടെ അപേക്ഷ അഡ്വ. ബി സത്യന്‍ എംഎല്‍എ മന്ത്രിക്ക് കൈമാറി. അടിയന്തിര ചികിത്സാ ധനസഹായമായി 50,000 രൂപ അനുവദിക്കുമെന്നും, തുടര്‍ ചികിത്സക്ക് പണം ആവശ്യമുള്ള പക്ഷം അനുവദിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

ഷാബുവിന്റെ നാലു മക്കളില്‍ മൂത്ത മകന്‍ ജീവന് പട്ടികജാതി വകുപ്പിന്റെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എട്ടാം തരത്തില്‍ പ്രവേശനം നല്‍കുമെന്നും മന്ത്രി അറിയിച്ചു. പാതിവഴിയില്‍ നിലച്ചുപോയ ഷാബുരാജിന്റെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ആവശ്യമായതെല്ലാം ചെയ്തു നല്‍കുമെന്ന് ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍ പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ഷാബുവിന്റെ കുടുംബത്തിന് രാജകുമാരി ഗ്രൂപ്പ് 50,000 രൂപയുടെ സഹായധനം നല്‍കിയിട്ടുണ്ട്.

Top