കോമഡി താരം വടിവേലുവിന് തമിഴ് സിനിമാ രംഗത്ത് വിലക്ക്

തെന്നിന്ത്യന്‍ കോമഡി താരം വടിവേലുവിന് തമിഴ് സിനിമാ രംഗത്ത് വിലക്ക്. തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ഇംസൈ അരസന്‍ 24ാം പുലികേശി എന്ന ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങിയത് അടക്കമുള്ള വിഷയങ്ങളുടെ പേരില്‍ നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. വിലക്ക് കൂടാതെ എട്ടു കോടി രൂപ പിഴയും ചുമത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഷൂട്ടിംഗുമായി സഹകരിക്കുന്നില്ലെന്നും പ്രതിഫലം കൂട്ടി ചോദിച്ചെന്നും ജൂനിയര്‍ താരങ്ങളുമായി സഹകരിക്കുന്നില്ലെന്നുമാണ് വടുവേലുവിനെതിരെയുള്ള ആരോപണങ്ങള്‍. ആരോപണങ്ങള്‍ക്കെതിരെ വടുവേലുവും രംഗത്തെത്തിയിട്ടുണ്ട്.

ആരോഗ്യപരവും സാമ്പത്തികവുമായ അഭിപ്രായ വ്യത്യാസം കാരണമാണ് ചിത്രത്തില്‍ തുടര്‍ന്ന് അഭിനയിക്കാനാകാത്തതെന്നും തന്റെ ഇമേജ് തകര്‍ക്കാനുള്ള ശ്രമമാണിതെന്നുമായിരുന്നു വടിവേലുവിന്റെ പ്രതികരണം.

എന്നാല്‍ പ്രശ്‌നം നടികര്‍ സംഘത്തിന്റെ മുന്നിലെത്തിയിരുന്നു. വടിവേലു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നാണ് സംഘടന പറയുന്നത്. ചിത്രത്തിനായി ഇതുവരെ ഒണ്‍പത് കോടി രൂപ നിര്‍മ്മാതാക്കള്‍ മുടക്കി കഴിഞ്ഞുവെന്നും പടം മുടങ്ങിയാല്‍ അതു വലിയ ബാധ്യതയാകുമെന്നും അതുകൊണ്ട് എട്ടു കോടി രൂപ വടിവേലു നഷ്ട പരിഹാരമായി നല്‍കേണ്ടിവരുമെന്നും, ഇതോടെ താരത്തിന് സംഘടനകള്‍ പരസ്യ വിലക്ക് ഏര്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

Top