കുട്ടിയെ അപമാനിച്ച സംഭവം; പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: പൊതുജനമദ്ധ്യത്തില്‍ കുട്ടിയെ പിങ്ക് പൊലീസ് അപമാനിച്ചതില്‍ ബാലാവകാശ കമ്മിഷന്‍ ഇടപെടല്‍. പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസെടുക്കാന്‍ കമ്മിഷന്‍ ഉത്തരവിട്ടു. ബാലനീതി വകുപ്പുപ്രകാരം കേസെടുക്കാനാണ് ഉത്തരവ്.

അപമാനത്തിനിരയായ കുട്ടിക്ക് മാനസികാഘാതം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും, പൊലീസ് സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. ഉത്തരവ് നടപ്പാക്കി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.

ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ബാലികയെയും പിതാവിനെയും പരസ്യമായി വിചാരണ നടത്തിയത്. എന്നാല്‍, പിന്നീട് സ്വന്തം ബാഗില്‍ നിന്നു തന്നെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി.

ഇതേത്തുടര്‍ന്ന്, പൊലീസിനെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബാലിക ഹൈക്കോടതിയെ സമീപിച്ചു. പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. കുട്ടിയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ എന്തുനടപടി എടുത്തെന്ന് കോടതി ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബാലവകാശ കമ്മിഷന്റെ നടപടി.

Top