ചന്ദ്രശേഖരറാവു വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന്; യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാതെ തെലങ്കാന നിയസഭ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു.

ഈശ്വര്‍ എന്ന ഇരുപത്തെട്ടുകാരനാണ് വ്യാഴാഴ്ച രാജ്ഭവനു സമീപം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ രക്ഷപ്പെടുത്തി കസ്റ്റഡിയിലെടുത്തു.

തൊഴില്‍ ഇല്ലാത്ത യുവാക്കള്‍ക്കു തൊഴില്‍ നല്‍കുമെന്ന തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് പൊലീസിന്റെ ചോദ്യംചെയ്യലില്‍ ഈശ്വര്‍ ആരോപിച്ചു. ലക്ഷക്കണത്തിനു ജോലികള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം കെസിആര്‍ പാലിച്ചില്ലെന്നും യുവാവ് കുറ്റപ്പെടുത്തി. ബിരുദധാരിയായ ഈശ്വറിന് ഇതേവരെ ജോലിയൊന്നും ലഭിച്ചിട്ടില്ല. നല്‍ഗൊണ്ട സ്വദേശിയാണ് ഈശ്വര്‍.

ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ തെലങ്കാന നിയമസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു തീരുമാനിച്ചിരുന്നു. നിയമസഭയുടെ കാലാവധി എട്ടുമാസം ബാക്കിനില്‍ക്കെയാണ് മന്ത്രിസഭ പിരിച്ചുവിട്ടത്.

Top