കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ നേട്ടം; ഭാരോദ്വഹനത്തില്‍ ദീപക് ലാത്തറിന് വെങ്കലം

deepak

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് വെങ്കലം. 64 കിലോ പുരുഷ വിഭാഗം ഭാരോദ്വഹനത്തിലാണ് പതിനെട്ടുകാരനായ ദീപക്ക് വെങ്കലം സ്വന്തമാക്കിയത്. ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ വെങ്കലമാണിത്.

ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമെന്ന റെക്കോര്‍ഡും ദീപക്ക് സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നാലായി ഉയര്‍ന്നു, നാലു മെഡലും ഭാരോദ്വഹനത്തിലാണ്.

സ്‌നാച്ചില്‍ 136 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 159 കിലോയും ഉയര്‍ത്തി ആകെ 295 കിലോയുമായാണ് ദീപക്കിന്റെ വെങ്കല മെഡല്‍ നേട്ടം. ഇരുവിഭാഗങ്ങളിലൂമായി 299 കിലോ ഉയര്‍ത്തിയ വെയ്ല്‍സിന്റെ ഗരന്ത് ഇവാന്‍സാനിനാണ് ഈ ഇനത്തില്‍ സ്വര്‍ണം. 297 കിലോ ഉയര്‍ത്തി ശ്രീലങ്കയുടെ ഡിസനായകെ മുദിയാന്‍സലാഗെ വെള്ളിയും നേടി.

രാവിലെ സഞ്ജിത ചാനുവിലൂടെ ഇന്ത്യ രണ്ടാം സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തില്‍ മല്‍സരിച്ച സഞ്ജിത ഗെയിംസ് റെക്കോഡോഡെയാണ് സ്വര്‍ണ്ണം അണിഞ്ഞത്. ഇന്നലെ വെയ്റ്റ് ലിഫ്റ്റിങ്ങില്‍ മീരാഭായ് ചാനുവാണ് ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. 48 കിലോഗ്രാം വിഭാഗത്തില്‍ മല്‍സരിച്ച മീരാഭായ് കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്.

Top