ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ വര്‍ണാഭമായ തുടക്കം. കാററ സ്റ്റേഡിയത്തില്‍ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ക്കുശേഷം ബ്രിട്ടന്റെ ചാള്‍സ് രാജകുമാരന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി നടന്ന മാര്‍ച്ച് പാസ്റ്റില്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ഇന്ത്യയുടെ പതാകയേന്തി.
ഓസ്ട്രേലിയയിലെ തീരനഗരമായ ഗോള്‍ഡ് കോസ്റ്റിന്റെ സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന ദൃശ്യവിരുന്നാണ് ഉദ്ഘാടനച്ചടങ്ങില്‍ ഒരുക്കിയിരുന്നത്. നൃത്തത്തിനും സംഗീതത്തിനുമൊപ്പം പ്രകാശവിസ്മയവും ഗോള്‍ഡ് കോസ്റ്റില്‍ കാണികളെ അമ്പരപ്പിച്ചു. കഴിഞ്ഞ തവണത്തെ ആതിഥേയരായ സ്‌കോട്ട്ലന്‍ഡാണ് മാര്‍ച്ച് പാസ്റ്റില്‍ ആദ്യം അണിനിരന്നത്. 218 താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഗോള്‍ഡ് കോസ്റ്റില്‍ എത്തിയിരിക്കുന്നത്.
ഏഷ്യന്‍ രാജ്യങ്ങളുടെ ഊഴമെത്തിയപ്പോള്‍ ബംഗ്ലാദേശിന് പിന്നിലായിരുന്നു ഇന്ത്യ എത്തിയത്. സിന്ധുവിന് കീഴില്‍ കറുത്ത സ്യൂട്ടണിഞ്ഞ് ഇന്ത്യന്‍ താരങ്ങളും. പതിവിനു വിപരീതമായി ഇന്ത്യന്‍ വനിതാ കായിക താരങ്ങള്‍ സാരിക്കു പകരം സ്യൂട്ടും കോട്ടും അണിഞ്ഞായിരുന്നു എത്തിയത്. ഏപ്രില്‍ 15 വരെ ഇനി പുതിയ ദൂരവും ഉയരവും കണ്ടെത്താനുള്ള ദിനരാത്രങ്ങളാകും.
വ്യാഴാഴ്ച്ച പുലര്‍ച്ചയോടെയാണ് മത്സരങ്ങള്‍ ആരംഭിക്കുക. 19 സ്വര്‍ണജേതാക്കളെ ആദ്യ ദിനമറിയും. അത്ലറ്റിക്‌സ് മത്സരങ്ങള്‍ ഏപ്രില്‍ എട്ടു മുതലാണ് ആരംഭിക്കുക. ബാഡ്മിന്റണ്‍, ബാസ്‌ക്കറ്റ്ബോള്‍, ഹോക്കി, നീന്തല്‍, ബോക്‌സിങ്, ജിംനാസ്റ്റിക്‌സ്, ടേബിള്‍ ടെന്നീസ് എന്നീ ഇനങ്ങള്‍ ആദ്യ ദിനം അരങ്ങേറും.
കോമണ്‍വെല്‍ത്തിലെ അംഗരാജ്യങ്ങള്‍ 53 ആണെങ്കിലും ആശ്രിത രാജ്യങ്ങള്‍ ഉള്‍പ്പെടെ 71 ടീമുകള്‍ ഗോള്‍ഡ്‌കോസ്റ്റില്‍ മാറ്റുരയ്ക്കും. 19 കായിക ഇനങ്ങളിലായി 275 വിഭാഗങ്ങളില്‍ മത്സരമുണ്ട്. എട്ട് പാരാ അത്ലറ്റുകള്‍ ഉള്‍പ്പെടെ 218 പേരാണ് ഇക്കുറി ഇന്ത്യയ്ക്കുവേണ്ടി മത്സരിക്കുന്നത്. ഇതില്‍ 36 പേരടങ്ങിയ ഹോക്കി ടീമുകളാണ് ഇതിലെ ഏറ്റവും വലിയ കൂട്ടം. അത്ലറ്റിക്സ്- 28, ഷൂട്ടിങ് -27, ബാസ്‌കറ്റ്‌ബോള്‍- 24 എന്നിങ്ങനെയാണ് സംഘബലം.
2014-ല്‍ ഗ്ലാസ്‌കോയില്‍ നടന്ന ഇരുപതാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ. അന്ന് 15 സ്വര്‍ണവും 30 വെള്ളിയുമടക്കം 64 മെഡലുകള്‍ നേടി. 58 സ്വര്‍ണവും 59 വെള്ളിയുമടക്കം 174 മെഡലുകള്‍ സ്വന്തമാക്കിയ ഇംഗ്ലണ്ട് ഒന്നാമതും ഓസ്‌ട്രേലിയ രണ്ടാമതും കാനഡ മൂന്നാമതുമായിരുന്നു.