ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യയുടെ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. ഹോക്കി ടീമിനെ പ്രഖ്യാപിച്ചതോടെ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍ ശ്രീജേഷ് ടീമിലേക്ക് തിരിച്ചെത്തി. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലാണ് ഇത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിസ് നടക്കുക.
മന്‍പ്രീത് സിംഗിന്റെ നേതൃത്വത്തില്‍ പതിനെട്ടംഗ സംഘമാണ് ഗോള്‍ഡ് കോസ്റ്റിലേക്ക് പോകുക. അതേസമയം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗിന് സ്ഥാനം നഷ്ടപ്പെട്ടു. പൂള്‍-ബിയില്‍ പാകിസ്ഥാന്‍, മലേഷ്യ, വെയ്ല്‍സ്, ഇംഗ്ലണ്ട് ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ഏപ്രില്‍ ഏഴിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
മന്‍പ്രീതിന്റെ കീഴില്‍ 2017-ലെ ഏഷ്യാ കപ്പ് കിരീടവും ഭുവനേശ്വറില്‍ നടന്ന ഹോക്കി വേള്‍ഡ് ലീഗില്‍ വെങ്കലുമാണ് ഇന്ത്യ നേടിയത്. ചിങ്‌ലെന്‍സന സിംഗ് കാങ്ജൂമാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍.
2017-ലെ അസ്‌ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റിനിടെ പരുക്കേറ്റ ശ്രീജേഷ് കുറച്ചു നാളായി വിട്ടുനില്‍ക്കുകയായിരുന്നു. ന്യൂസീലന്‍ഡ് പര്യടനത്തില്‍ പുറത്തെടുത്ത മികച്ച പ്രകടനവും ശ്രീജേഷിന്റെ തിരിച്ചുവരവവിന് എളുപ്പമാക്കി.