കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയുള്‍പ്പടെ ആറ് ടീമുകള്‍ക്ക് നേരിട്ട് യോഗ്യത

ദുബായ്: ഇന്ത്യയുള്‍പ്പടെ ആറ് വനിതാ ടീമുകള്‍ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസ് 2022ന് നേരിട്ട് യോഗ്യത ലഭിച്ചിരിക്കുന്നതായി അറിയിച്ച് ഐസിസി. ബാക്കി രണ്ട് ടീമുകള്‍ ആരൊക്കെയെന്ന് യോഗ്യത റൗണ്ട് വെച്ച് തീരുമാനിക്കുമെന്നും ഐസിസി വ്യക്തമാക്കി.

ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍ എന്നിവരാണ് ആറ് ടീമുകള്‍. ഐസിസി വനിതാ ക്രിക്കറ്റ് റാങ്കിംഗ് അടിസ്ഥാനമാക്കിയാണ് ടീമുകള്‍ക്ക് യോഗ്യത നല്‍കിയത്. വനിത ക്രിക്കറ്റിനെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉള്‍പ്പെടുത്തുന്നതായി 2019ലായിരുന്നു പ്രഖ്യാപനം വന്നത്.

ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമില്‍ അടുത്ത വര്‍ഷം ജൂലൈ 28 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറുക. ഗെയിംസില്‍ രണ്ടാം തവണയാണ് ക്രിക്കറ്റിനെ ഉള്‍പ്പെടുത്തുന്നത്. 1998ല്‍ ക്വാലാലംപൂരില്‍ നടന്ന ഗെയിംസില്‍ പുരുഷ ഏകദിന ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നു. അന്ന് ദക്ഷിണാഫ്രിക്കയായിരുന്നു ജേതാക്കള്‍.

 

Top