വര്‍ഗീയ ഉള്ളടക്കം സിലബസില്‍ വരുന്നത് നല്ലതല്ല; ആര്‍ ബിന്ദു

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ പി.ജി സിലബസുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ഉന്നതവിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദു. സിലബസുമായി ബന്ധപ്പെട്ട് സര്‍വകലാശാല വി.സിയോട് വിശദീകരണം തേടിയിട്ടുണ്ട്. വി.സിയുടെ മറുപടി ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കും. വര്‍ഗീയ ഉള്ളടക്കം സിലബസില്‍ വരുന്നത് നല്ലതല്ലെന്നും മന്ത്രി പറഞ്ഞു.

വിശദീകരണം കിട്ടുന്നമുറക്ക് ഇക്കാര്യത്തില്‍ മറുപടി നല്‍കാം. വിദ്യാര്‍ഥികള്‍ക്ക് സിലബസനുസരിച്ച് പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തുടങ്ങാത്തതിനാല്‍ ഇത് ഇപ്പോള്‍ മരവിപ്പിക്കേണ്ട കാര്യമില്ല. വി.സിയുടെ വിശദീകരണം ലഭിച്ച ശേഷം ഇക്കാര്യങ്ങള്‍ ഉള്‍പ്പടെ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സിലബസ് വിവാദത്തില്‍ പ്രതിഷേധവുമായി കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, ഫ്രറ്റേണിറ്റി, എം.എസ്.എഫ് പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയിലെ പുസ്തകവിവാദത്തില്‍ പ്രതികരണവുമായി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധം ഭയന്ന് തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സര്‍വകലാശാലയുടെ പി.ജി സിലബസ് പിന്‍വലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

 

Top