മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായത് 2098 കലാപങ്ങള്‍, യുപി മുന്നില്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രാജ്യത്തുണ്ടായത് 2098 വര്‍ഗീയ കലാപങ്ങളെന്ന് കണക്കുകള്‍.

2014,2015,2016 വര്‍ഷങ്ങളിലെ കണക്കാണ് കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ചത്. ഇതില്‍ 450 വര്‍ഗീയ കലാപ കേസുകളുമായി ഉത്തര്‍പ്രദേശാണ് മുന്നില്‍.

കര്‍ണാടകയും മഹാരാഷ്ട്രയുമാണ് യുപിക്ക് തൊട്ടുപിന്നില്‍. യഥാക്രമം 279, 270 കേസുകളാണ് ഈ സംസ്ഥാനങ്ങളില്‍ വര്‍ഗീയ കലാപങ്ങളുമായി ബന്ധപ്പെട്ട് എടുത്തത്. ഉത്തര്‍പ്രദേശില്‍ 450 കേസുകളില്‍ 77പേര്‍ കൊല്ലപ്പെട്ടപ്പോള്‍,കര്‍ണാടകയില്‍ 279കേസുകളില്‍ 26പേര്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയില്‍ 270 കേസുകളില്‍ 32പേരാണ് കൊല്ലപ്പെട്ടത്.

മധ്യപ്രദേശ്( 205 കേസുകള്‍, 24 പേര്‍ കൊല്ലപ്പെട്ടു), രാജസ്ഥാന്‍ (200 കേസുകള്‍, 24പേര്‍ കൊല്ലപ്പെട്ടു) ബിഹാര്‍ (197 കേസുകള്‍,29പേര്‍ കൊല്ലപ്പെട്ടു) ഗുജറാത്ത് (182 കേസുകള്‍, 21പേര്‍ കൊല്ലപ്പെട്ടു) മറ്റു സംസ്ഥാനങ്ങള്‍.

ഇക്കാലയളവില്‍ കേരളത്തില്‍ 13 കേസുകളുണ്ടായി. ഇതില്‍ 2014ലുണ്ടായ സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഗോവ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, മിസോറം, നാഗാലാന്‍ഡ്, സിക്കിം, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഒരു വര്‍ഗീയ കലാപം പോലും നടന്നിട്ടില്ല.

2014ന് ശേഷം ബിജെപി അധികാരത്തില്‍ വന്നതും, അധികാരത്തില്‍ തുടരുന്നതുമായ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങള്‍ നടന്നിട്ടുള്ളത്.

Top