ഹരിയാനയില്‍ വര്‍ഗീയ സംഘര്‍ഷം രൂക്ഷം; ഗുരുഗ്രാമില്‍ മുസ്ലീം പള്ളിക്ക് നേരെ ആക്രമണം

ചണ്ഡീഗഡ്: ഹരിയാനയില്‍ വര്‍ഗീയ സംഘര്‍ഷം രൂക്ഷമാകുന്നു. ഗുരുഗ്രാമില്‍ മുസ്ലീം പള്ളിക്ക് നേരെ ആക്രമണം. ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇന്നലെ അര്‍ധരാത്രിയാണ് ആക്രമണം നടന്നത്. സെക്ടര്‍ 57ലെ അഞ്ജുമന്‍ ജുമാമസ്ജിദ് തീയിട്ട് നശിപ്പിച്ചു.

പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇമാമടക്കം രണ്ട് പേര്‍ക്ക് വെടിയേറ്റതായി കേന്ദ്രമന്ത്രിയും ഗുരുഗ്രാം എംപിയുമായ റാവു ഇന്ദര്‍ജിത് സിംഗ് എന്‍ഡിടിവിയോട് സ്ഥിരീകരിച്ചു. നുഹിലെ അക്രമസംഭവം ഗുരുഗ്രാമിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആഭ്യന്തര സഹമന്ത്രിയുമായി സംസാരിച്ചു, സ്ഥലത്തേക്ക് ഇരുപത് കമ്പനി അര്‍ദ്ധസൈനികരെ അയച്ചിട്ടുണ്ട്. കേസില്‍ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി പൊലീസ് അറിയിച്ചു. അക്രമികളെ തിരിച്ചറിഞ്ഞതായും ഇവര്‍ക്കായി വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികള്‍ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ആരാധനാലയങ്ങള്‍ക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സമാധാനം ഉറപ്പാക്കുന്നതിനായി ഭരണകൂടവുമായി ചേര്‍ന്ന് സമൂഹത്തിലെ പ്രമുഖരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Top