തൊഴിലാളികളുടെ താല്‍പര്യം ഉയര്‍ത്തിപിടിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ മെയ് 1 ലോക തൊഴിലാളി ദിനം കഴിഞ്ഞ വര്‍ഷത്തെ പോലെയല്ല, വ്യത്യസ്തമായ സാഹചര്യമാണ് ലോകത്തെമ്പാടും നിലനില്‍ക്കുന്നത്. ലോകത്തിലെ 213 രാജ്യങ്ങളെയാണ് കൊവിഡ്19 എന്ന മഹാമാരി ബാധിച്ചിരിക്കുന്നത്. ഈ മഹാമാരിയെ പ്രതിരോധിക്കുക എന്നത് മനുഷ്യ സമൂഹത്തിന്റെ നിലനില്‍പ്പിന്റെ തന്നെ പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്പാനിഷ് ഫ്‌ളു, പ്ലേഗ്, ഏഷ്യന്‍ ഫ്‌ളു തുടങ്ങിയ മഹാമാരികള്‍ ലോകത്തെമ്പാടുമുള്ള ജനങ്ങളുടെ ജീവന്‍ അപഹരിച്ചാണ് കടന്നുപോയത്. 50 ദശലക്ഷം ജനങ്ങള്‍ മരണപ്പെട്ട സ്പാനിഷ് ഫ്‌ളുവിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ലോകതൊഴിലാളി വര്‍ഗത്തിനോട് ആഹ്വാനം ചെയ്ത കമ്യൂണിസ്റ്റായിരുന്നു ലെനിന്‍.

മനുഷ്യ സമൂഹത്തെ പൊതുവില്‍ ബാധിക്കുന്ന പ്രശ്‌നങ്ങളെ ഇടപെട്ട് പരിഹരിച്ച അനുഭവങ്ങള്‍ തൊഴിലാളി വര്‍ഗത്തിനുണ്ട്. ലോകത്തെമ്പാടും ഇത്തരം ദുരിതങ്ങള്‍ രൂപപ്പെട്ടുവന്നപ്പോള്‍ അതിനെ അതിജീവിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കൊപ്പം തൊഴിലാളി വര്‍ഗം നിലകൊണ്ടിരുന്നു. മനുഷ്യസമൂഹം അഭിമുഖീകരിക്കുന്ന ഏത് വിപത്തിനെയും നേരിട്ട് മനുഷ്യസമൂഹത്തെ രക്ഷിക്കുക എന്നതാണ് തൊഴിലാളി വര്‍ഗ രാഷ്ട്രീയം ഏറ്റവും പ്രധാനപ്പെട്ട കടമയായി എന്നും കണ്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ വഴിയുള്ള സിപിഐ എം ആശയപ്രചരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് പല ജനവിഭാഗത്തെക്കാളും പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് സമ്പത്ത് ഉല്‍പാദിപ്പിക്കുന്ന തൊഴിലാളികളാണ്. സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഉല്‍പാദന പ്രക്രിയയില്‍ പങ്കെടുക്കുന്നതിനൊപ്പം തന്നെ സാമൂഹ്യ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്ത അനുഭവങ്ങളാണ് ലോകത്തെമ്പാടുമുള്ള തൊഴിലാളി വര്‍ഗ രാഷ്ട്രീയം സ്വീകരിച്ച് പോന്നിട്ടുള്ളത്.

രണ്ടാം ലോകമഹായുദ്ധം വിതച്ച കെടുതികളില്‍ ഏറ്റവും പ്രധാനം ഭക്ഷ്യക്ഷാമവും പകര്‍ച്ചവ്യാധിയുമായിരുന്നു. ഭക്ഷ്യക്ഷാമത്തെ മറികടക്കാന്‍, ഉള്ള ഭൂമിയില്‍ കൃഷിയിടുക മാത്രമായിരുന്നു പ്രതിവിധി. ഭീകരമായ പട്ടിണിയായിരുന്നിട്ടും തരിശ് ഇടുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തില്ല. തരിശ് ഭൂമിയില്‍ കൃഷിയിടാന്‍ ശ്രമിച്ചവര്‍ക്കുനേരെ കൊടിയ മര്‍ദ്ദനമാണ് അഴിച്ചുവിട്ടത്. ഈ കാലഘട്ടത്തില്‍ ഭക്ഷ്യോല്‍പാദനത്തിനും ന്യായവിലയ്ക്ക് അവ വിതരണം ചെയ്യുന്നതിനുള്ള പ്രക്ഷോഭ പരിപാടികളും തൊഴിലാളികളും കര്‍ഷകരും സംഘടിപ്പിച്ചു. ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുള്ള ത്യാഗോജ്വലമായ അത്തരം സമരങ്ങളിലൂടെയാണ് തൊഴിലാളി വര്‍ഗ രാഷ്ട്രീയം ഇവിടെ വികസിച്ചു വന്നത്.


വസൂരി വന്നപ്പോള്‍ രോഗികളെ ശുശ്രൂഷിക്കാന്‍ മുന്നില്‍ വന്നത് തൊഴിലാളി കര്‍ഷക പ്രസ്ഥാനത്തിന്റെ നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു.

ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരായ ഉശിരന്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന അവസ്ഥയില്‍ തന്നെയാണ് കമ്യൂണിസ്റ്റുകാര്‍ ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെട്ടത്. തൊഴിലാളികളുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനൊപ്പം ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണ്.

കേരളം നേരിട്ട പ്രളയവും ഓഖിയും നിപയുമെല്ലാം ഭൂമിശാസ്ത്രപരമായ പരിധിയില്‍ നില്‍ക്കുന്നതായിരുന്നു. എന്നാല്‍ ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയ മഹാമാരിയെന്ന നിലയ്ക്കാണ് കൊവിഡ് 19 നമ്മുടെ നാട്ടിലേക്കും എത്തിയത്. ജനജീവിതത്തെ പ്രതിസന്ധിയിലാക്കിയെങ്കിലും സര്‍ക്കാര്‍ ആശ്വാസനടപടികള്‍ സ്വീകരിച്ചു. ലോകശ്രദ്ധ ലഭിക്കുന്ന തരത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേരളം സ്വീകരിച്ച് വരുന്നത്.

വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ നേട്ടങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കാന്‍ ഏറെ സഹായിച്ചു. എല്ലാ ജനവിഭാഗങ്ങളും സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് സഹകരിച്ചു.

കൊവിഡ് കാലം സര്‍ക്കാരിന് ഏറെ സാമ്പത്തികബാധ്യത ഉണ്ടാക്കിയിട്ടുണ്ട്. ചെലവ് ഏറെ വര്‍ധിക്കുകയും വരവ് വളരെ ശോഷിക്കുകയും ചെയ്യുമ്പോള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തന്നെ താളം തെറ്റിക്കും. തനതായ രീതിയില്‍ ധനം സമാഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെയും കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള സഹായവും ആവശ്യമാണ്.

വികസനം നടപ്പാക്കുമ്പോള്‍ പാരിസ്ഥിതി പ്രശ്‌നങ്ങളെയും കണ്ടുകൊണ്ടാണ് സര്‍ക്കാര്‍ നയമെടുക്കുന്നത്. പകുതിയിലേറെ വരുന്ന സ്ത്രീജനതയുടെയും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് പ്രധാനമാണ്.

എല്ലാ ജനവിഭാഗങ്ങളുടെ ജീവിതത്തെയും മെച്ചപ്പെടുത്തിക്കൊണ്ട് ഐശ്വര്യ സമ്പൂര്‍ണമായ കേരളത്തെ സൃഷ്ടിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാനുള്ള ഉത്തരവാദിത്വം. ആ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാന്‍ തൊഴിലാളി വര്‍ഗത്തിന് കഴിയണം. അതോടൊപ്പം സമത്വ സുന്ദരമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാനും തൊഴിലാളി വര്‍ഗത്തിന് കഴിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വീഡിയോയില്‍ പറയുന്നു.

Top