ഡബ്ല്യൂസിസിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം, ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഇടപെടും:എ.കെ.ബാലന്‍

ak balan

തിരുവനന്തപുരം: ഡബ്ല്യൂസിസി ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നു വ്യക്തമാക്കി മന്ത്രി എ.കെ.ബാലന്‍ രംഗത്ത്.

വനിതാകൂട്ടായ്മയ്ക്ക് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അത് മാറ്റേണ്ടതാണെന്നും സര്‍ക്കാര്‍ പ്രശ്‌നത്തില്‍ കക്ഷിയല്ലെന്നും ആവശ്യപ്പെട്ടാല്‍ മാത്രം ഇടപെടുമെന്നും സമൂഹമാധ്യമങ്ങളിലെ ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയ്ക്ക് ഒരു പിന്തുണയും ലഭിച്ചിട്ടില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഡബ്ല്യൂസിസി പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ നടപടി വൈകുന്നതില്‍ ‘അമ്മ’യ്‌ക്കെതിരെ തുറന്ന യുദ്ധത്തിനൊരുങ്ങിയാണ് ഡബ്ല്യൂസിസി വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്.

ഡബ്ല്യൂസിസിയിലെ ഒരാളുടെ പേരു പറയാനുള്ള മര്യാദ പോലും അമ്മ പ്രസിഡന്റ് കാണിച്ചില്ലെന്നും നടിമാര്‍ എന്നു പറഞ്ഞാണ് സംസാരിച്ചതെന്നും മോഹന്‍ലാലിനെതിരെ തുറന്നടിച്ച് രേവതി പറഞ്ഞിരുന്നു. ദിലീപ് അമ്മ സംഘടനയില്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്ന് പത്മപ്രിയയും പറഞ്ഞിരുന്നു.

കേരളത്തിലെ സിനിമാ സംഘടനകള്‍ വാക്കാലല്ലാതെ ഒരു സഹായവും നല്‍കിയില്ലെന്നും 15 വര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിച്ച നടിയാണ് ആക്രമിക്കപ്പെട്ടതെന്നും പ്രതിയായ നടന്‍ നടിയുടെ അവസരങ്ങള്‍ തട്ടിമാറ്റിയെന്നും ഇക്കാരണങ്ങള്‍ കൊണ്ടൊക്കെയാണ് ഡബ്ല്യൂസിസി എന്ന സംഘടന രൂപീകരിക്കാന്‍ കാരണമായതെന്നുമാണ് പ്രതിനിധികള്‍ വ്യക്തമാക്കിയത്.

Top