സമൂഹവ്യാപന സാധ്യത; കണ്ണൂരില്‍ രണ്ട് വാര്‍ഡുകളും രണ്ട് പഞ്ചായത്തുകളും പൂര്‍ണമായും അടച്ചു

കണ്ണൂര്‍: സമൂഹ വ്യാപനം സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം, മുഴപ്പിലങ്ങാട് പഞ്ചായത്തുകളും തലശ്ശേരി നഗരസഭയിലെ രണ്ട് വാര്‍ഡുകളും പൂര്‍ണ്ണമായി അടച്ചു. ധര്‍മ്മടം സ്വദേശിനിയായ 62 കാരി ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവരുടെ കുടുംബത്തിലെ 13 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എവിടെ നിന്നാണ് ഇവര്‍ക്ക് രോഗബാധ ഉണ്ടായതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരുമായുള്ള സമ്പര്‍ക്കം വഴി രണ്ട് പേര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.

അതേസമയം കണ്ണൂരില്‍ ഇന്ന് ഏഴുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ നാലുപേര്‍ ഗള്‍ഫില്‍ നിന്നും മൂന്നുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ജില്ലയില്‍ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 229 ആയി വര്‍ധിച്ചിരിക്കുകയാണ്. ഇതില്‍ 126 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

നിലവില്‍ ജില്ലയില്‍ 9459 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 64 പേരും അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ 89 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 30 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19 പേരും വീടുകളില്‍ 9257 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

Top