വില്‍പ്പനയില്‍ തിരിച്ചടി നേരിടുന്ന ഇന്ത്യന്‍ വിപണിയിലെ പ്രകടനം മെച്ചപ്പെടുത്താനായി പുതിയ കോംപാക്ട് എസ് യു വി അവതരിപ്പിക്കാന്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട കാഴ്‌സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എല്‍) ഒരുങ്ങുന്നു.
‘എച്ച് ആര്‍ -വി’ അടിസ്ഥാനമാക്കി വികസിപ്പിച്ച ഏഴു സീറ്റുള്ള സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം ഫിലിപ്പൈന്‍ ഇന്റര്‍നാഷനല്‍ മോട്ടോര്‍ ഷോ(പി ഐ എം എസ്)യില്‍ അനാവരണം ചെയ്യുമെന്നാണു സൂചന.
ഇന്ധനക്ഷമതയേറിയ കാറുകളുടെ നിര്‍മ്മാതാക്കളെന്ന നിലയില്‍ പേരെടുത്ത ഹോണ്ടയുടെ ഓഹരിവില കഴിഞ്ഞ ഏതാനും മാസമായി കടുത്ത തിരിച്ചടി നേരിടുകയാണ്.
ഇന്ത്യയടക്കമുള്ള ഏഷ്യന്‍ വിപണികള്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഈ പുത്തന്‍ എന്‍ട്രി ലവല്‍ എസ് യു വി തായ്‌ലന്‍ഡിലെ ഗവേഷണ, വികസന കേന്ദ്രത്തിലാണ് ഹോണ്ട വികസിപ്പിക്കുന്നത്.
ആകര്‍ഷക രൂപകല്‍പ്പനയ്‌ക്കൊപ്പം ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും പുതിയ എസ് യു വിയുടെ സവിശേഷതയാവും. കൂടാതെ, സുരക്ഷയുടെ കാര്യത്തിലും ഈ മോഡല്‍ ഉന്നത നിലവാരം പുലര്‍ത്തുമെന്നാണു പ്രതീക്ഷ.
കോംപാക്ട് എസ് യു വി വിഭാഗത്തിലെ വില്‍പ്പനയില്‍ ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ടെന്ന് ഈയിടെ എച്ച് സി ഐ എല്‍ അംഗീകരിച്ചിരുന്നു.
ഈ നില തുടരാനാണു സാധ്യതയെന്നും കമ്പനി വിലയിരുത്തുന്നു. വിപണന സാധ്യതയുള്ള ഈ വിഭാഗത്തില്‍ അര്‍ഹമായ സ്ഥാനം നേടാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ഹോണ്ട വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രകടനം മെച്ചപ്പെടുത്താന്‍ വിപണന സാധ്യതയേറിയ എസ് യു വി വിഭാഗത്തില്‍ സാന്നിദ്ധ്യം ശക്തമാക്കണമെന്നു ഹോണ്ടയ്ക്കു ബോധ്യമുണ്ട്.
ഈ മേഖലയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു കമ്പനി നേരത്തെ ‘ബി ആര്‍വി’ അവതരിപ്പിച്ചത്.
പ്രായോഗികതയ്ക്ക് ഊന്നല്‍ നല്‍കുന്ന പുത്തന്‍ എസ് യു വി മത്സരക്ഷമമായ വിലകളില്‍ വില്‍പ്പനയ്‌ക്കെത്തിക്കുമെന്നാണു ഹോണ്ടയുടെ വാഗ്ദാനം.
ഹ്യുണ്ടേയ് ‘ക്രേറ്റ’ പോലുള്ള എതിരാളികളെ ‘ബി ആര്‍ വി’യിലൂടെ നേരിടുന്ന ഹോണ്ട ‘എച്ച് ആര്‍ വി’യിലൂടെ ലക്ഷ്യമിടുന്നത് മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’, ഫോഡ് ‘ഇകോസ്‌പോര്‍ട്’, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ‘ടി യു വി 300’ തുടങ്ങിയ കോംപാക്ട് എസ് യു വികളെയാണെന്നു വ്യക്തം.
ഫിലിപ്പൈന്‍സിലെ ഔദ്യോഗിക അരങ്ങേറ്റം കഴിഞ്ഞാല്‍ അധികം വൈകാതെ പുതിയ എസ് യു വി ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണു പ്രതീക്ഷ.