ഗാസയില്‍ നിശ്ചലമായ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ ലഭിച്ചു തുടങ്ങിയെന്ന് കമ്പനികള്‍

ഗാസയില്‍ നിശ്ചലമായ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ ഞായറാഴ്ച ലഭ്യമായിത്തുടങ്ങി. കുറെപ്പേരുടെ മൊബൈല്‍ ഫോണുകള്‍ ഞായറാഴ്ച രാവിലെയോടെ പ്രവര്‍ത്തിച്ചുതുടങ്ങിയെന്ന് ഗാസയില്‍ ഈ സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ അറിയിച്ചു. വെള്ളിയാഴ്ച ഇസ്രയേല്‍ കരയാക്രമണം വിപുലമാക്കിയതോടെ ഇന്റര്‍നെറ്റ്, മൊബൈല്‍ സൗകര്യങ്ങള്‍ റദ്ദായിരുന്നു. ഇതോടെ ഗാസ പൂര്‍ണമായി ഒറ്റപ്പെട്ടനിലയിലായിരുന്നു. അന്താരാഷ്ട്ര സിംകാര്‍ഡുകളും ഉപഗ്രഹഫോണുകളുമുള്ള ചിലരാണ് ഈ ദിവസങ്ങള്‍ ഗാസയിലെ സ്ഥിതിഗതികള്‍ പുറംലോകത്തെത്തിച്ചത്.

അതേസമയം ഗാസയിലെ ഏറ്റവുംവലിയ ആശുപത്രിയായ ഷിഫയ്ക്കടുത്ത് ശനിയാഴ്ച രാത്രി ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. യുദ്ധത്തില്‍ പരിക്കേറ്റ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന ആശുപത്രിയില്‍ അരലക്ഷംപേര്‍ അഭയാര്‍ഥികളായും കഴിയുന്നുണ്ട്. ആശുപത്രിയുെട അടിയില്‍ ഭൂഗര്‍ഭത്തിലായി ഹമാസിന്റെ രഹസ്യകേന്ദ്രം ഉണ്ടെന്ന് ഇസ്രയേല്‍ ആരോപിച്ചു. ആരോപണം ഹമാസ് നിഷേധിച്ചു.

അതിനിടെ ബന്ദികളുടെ കുടുംബാംഗങ്ങള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കണ്ടു. ബന്ദികളെ വിട്ടുകിട്ടാന്‍ ഇസ്രയേലിലുള്ള പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് അവര്‍ പറഞ്ഞു. തടവുകാരെ വിട്ടയച്ചാലുടന്‍ ബന്ദികളെ കൈമാറാമെന്ന് ഹമാസിന്റെ ഗാസയിലെ രാഷ്ട്രീയകാര്യവിഭാഗം നേതാവ് യെഹ്യ സിന്‍വറും അറിയിച്ചു. എന്നാല്‍, ഈ വാഗ്ദാനം ഇസ്രയേല്‍ സേനാവക്താവ് ഡാനിയല്‍ ഹഗാരി തള്ളിക്കളഞ്ഞു.

Top