ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക ബാദ്ധ്യതകൊണ്ടും ഉപഭോക്താക്കളെ നഷ്ടപ്പെടുന്നതുകൊണ്ടും പൊറുതിമുട്ടിയ വൊഡാഫോണ്‍ ഐഡിയ(വി)യെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എത്തുന്നെന്ന് കമ്പനി വെളിപ്പെടുത്തി.
സ്‌പെക്ട്രം കുടിശികയ്ക്ക് പകരമായി ഓഹരി നല്‍കാന്‍ കമ്പനി ബോര്‍ഡ് തീരുമാനിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ ഭൂരിപക്ഷം ഓഹരി (35.8%) സര്‍ക്കാരിന് സ്വന്തമാകുന്നത്.
വൊഡാഫോണ്‍ ഗ്രൂപ്പും ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കുമാര്‍ മംഗളം ബിര്‍ളയുടെ ഐഡിയയും ചേര്‍ന്നുളള ‘വി’യില്‍ വൊഡാഫോണ്‍ ഗ്രൂപ്പിന് 28.5 ശതമാനം ഓഹരിയും ഐഡിയ ഉടമകളായ ആദിത്യ ബിര്‍ള ഗ്രൂപ്പിന് 17.8 ശതമാനം ഓഹരി പങ്കാളിത്തവുമാണ് ഉളളത്.
2016ല്‍ റിലയന്‍സ് ഉടമസ്ഥതയിലുളള ജിയോയുമായുണ്ടായ കിടമത്സരത്തില്‍ ജിയോ ഒന്നാമതെത്തുകയും മറ്റ് കമ്പനികള്‍ കനത്ത നഷ്ടം നേരിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഓരോ വര്‍ഷവും വന്‍തോതില്‍ ഉപഭോക്താക്കളെ വി കമ്പനിയ്ക്ക് നഷ്ടമായി. നിലവില്‍ 36 ശതമാനം ഓഹരിയും സര്‍ക്കാരിന് സ്വന്തമാകുന്നതോടെ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി പങ്കാളികള്‍ കേന്ദ്ര സര്‍ക്കാരായി മാറും.