ഇലോണ്‍ മസ്‌കിനെതിരെ നിയമനടപടിയുമായി ട്വിറ്ററിലെ മുന്‍ ഉദ്യോഗസ്ഥര്‍. മുന്‍ ട്വിറ്റര്‍ സിഇഒ പരാഗ് അഗ്രവാള്‍ ഉള്‍പ്പടെയുള്ളവരാണ് നഷ്ടപരിഹാരത്തുകയുടെ പേരില്‍ 12.8 കോടി ഡോളര്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതിയെയാണ് ഇവര്‍ സമീപിച്ചത്. ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്ത ഇലോണ്‍ മസ്‌ക് സിഇഒ ഉള്‍പ്പടെ ട്വിറ്ററിന്റെ വലിയൊരു വിഭാഗം ജീവനക്കാരെ ഉടനടി പിരിച്ചുവിട്ടിരുന്നു. ട്വിറ്റര്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്‍മാറാനുള്ള മസ്‌കിന്റെ തീരുമാനത്തിനെതിരെ പരാതി നല്‍കിയവരും ഇതില്‍ ഉള്‍പ്പെടുന്നു. മോശം പെരുമാറ്റം ഉള്‍പ്പടെ ആരോപിച്ചാണ് ഇവരെ പിരിച്ചുവിട്ടത്.
പിരിച്ചുവിടുമ്പോള്‍ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരത്തുക ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ മസ്‌ക് ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഓരോരുത്തര്‍ക്കും ഒരു വര്‍ഷത്തെ ശമ്പളവും ലക്ഷക്കണക്കിന് ഓഹരിയും കുടിശികയായി നല്‍കാനുണ്ടെന്ന് പരാതിക്കാര്‍ പറയുന്നു. ഇതാണ് മസ്‌കിന്റെ കളി- മറ്റുള്ളവര്‍ക്ക് നല്‍കാനുള്ള പണം കയ്യില്‍ വെക്കുക, അവരെ കൊണ്ട് കേസ് കൊടുപ്പിക്കുക. പരാതിക്കാര്‍ പറയുന്നു. ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം വിവിധങ്ങളായ കേസുകള്‍ മസ്‌കിനെതിരെ വന്നിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇത്. ട്വിറ്ററിലുണ്ടായിരുന്ന മറ്റ് ജീവനക്കാരും വന്‍ തുക നഷ്ടപരിഹാര കുടിശിക ആവശ്യപ്പെട്ട് മസ്‌കിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
ജീവനക്കാരെ കുടാതെ, കമ്പനിയുടെ മുന്‍ പബ്ലിക് റിലേഷന്‍സ് സ്ഥാപനം, ഭൂവുടമകള്‍, വെണ്ടര്‍മാര്‍, കണ്‍സള്‍ട്ടന്റുമാര്‍ എന്നിവരെല്ലാം കിട്ടാനുള്ള പണം ആവശ്യപ്പെട്ട് മസ്‌കിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. സി.ഇ.ഒ പരാഗിന് പുറമെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നഡ് സെഗാള്‍, ലീഗല്‍ ഹെഡ് വിജയ് ഗഡ്ഡെ എന്നിവരെയും 2012 മുതല്‍ ട്വിറ്ററിന്റെ ജനറല്‍ കൗണ്‍സിലായ സീന്‍ എഡ്ഗറ്റിനെയും മസ്‌ക് പുറത്താക്കിയിരുന്നു. സിഇഒ സ്ഥാനമേറ്റ് ഒരു വര്‍ഷത്തിനുള്ളില്‍ പരാഗ് പുറത്താക്കപ്പെടുമ്പോള്‍ നഷ്ടപരിഹാരമായി ഏകദേശം 4.2 കോടി ഡോളര്‍ (3,457,145,328 രൂപ) നല്‍കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഒരുവര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വംശജനായ പരാഗ് അഗ്രവാളിനെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ അദ്ദേഹത്തിന് നഷ്ടപരിഹാരമായി ഏകദേശം 4.2 കോടി ഡോളര്‍ നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വര്‍ഷത്തെ അടിസ്ഥാന ശമ്പളവും എല്ലാ ഇക്വിറ്റി ആനുകൂല്യങ്ങളും മറ്റും ഉള്‍പ്പടെയാണിത്. ഓഹരി ഒന്നിന് 54.20 ഡോളറിനാണ് മസ്‌ക് ട്വിറ്ററ് വാങ്ങിയത്. ആ ഇനത്തിലും സിഇഒയ്ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും വന്‍തുക ലഭിക്കാനുണ്ട്.