റിലയന്‍സ് ജിയോയുടെ കിടിലന്‍ ഓഫറുകളില്‍ നഷ്ടത്തിലായത് എയര്‍ടെലും ഐഡിയയും ഉള്‍പ്പെടെ നിരവധി ടെലികോം കമ്പനികള്‍.
ഐഡിയയ്ക്ക് 815.9 കോടി രൂപയും എയര്‍ടെല്ലിന് 367 കോടി രൂപയും നഷ്ടപ്പെട്ടതായി നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഏപ്രിലില്‍ ജിയോ സേവനങ്ങള്‍ക്കു തുക ഈടാക്കിത്തുടങ്ങിയെങ്കിലും വളരെ കുറഞ്ഞ നിരക്കു മാത്രം ഈടാക്കുന്നതിനാല്‍ വെല്ലുവിളി തുടരുകയാണെന്ന് ഐഡിയ പറഞ്ഞു. ജിയോയെ നേരിടാന്‍ കമ്പനി അവതരിപ്പിച്ച ഓഫറുകളും താഴ്ന്ന നിരക്കുകളും വരുമാനത്തെ പ്രതികൂലമായി ബാധിച്ചു.
2016 ആദ്യപാദത്തില്‍ 217 കോടി രൂപ ലാഭം നേടിയ ഐഡിയയ്ക്ക് ഇത്തവണ 815.9 കോടി രൂപ നഷ്ടമാണ് നേരിടേണ്ടി വന്നത്. തുടര്‍ച്ചയായ മൂന്നാം പാദത്തിലും കമ്പനിക്ക് നഷ്ടം തുടരുകയാണ്.
അതേസമയം കഴിഞ്ഞ നാലര വര്‍ഷത്തിനിടെ എയര്‍ടെല്‍ നേരിടുന്ന ഏറ്റവും കുറഞ്ഞ ലാഭമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഏപ്രില്‍- ജൂണ്‍ ലാഭം75 ശതമാനം കുറഞ്ഞു 367 കോടി രൂപ ആയിട്ടുണ്ട്. മുന്‍വര്‍ഷം ആദ്യപാദത്തില്‍ കമ്പനിയുടെ ലാഭം 1.462 കോടി രൂപയായിരുന്നു.