കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിന് ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ. പ്രതി ജാമ്യ വ്യവസ്ഥ നിശ്ചയിക്കുന്ന സാഹചര്യം അനുവദിക്കരുത് എന്നാണ് പരാതിക്കാരിയുടൈ ആവശ്യം.
വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. വിജയ് ബാബു നാട്ടിലെത്തിയ ശേഷം അറസ്റ്റ് പോരേയെന്ന് കോടതി ചോദിച്ചു. മുപ്പതാം തീയതി നാട്ടിലെത്തുമെന്നും മുൻകൂർ ജാമ്യം നൽകണമെന്നും വിജയ് ബാബു കോടതിയിൽ അറിയിച്ചിരുന്നു.
എന്നായാലും അറസ്റ്റ് രേഖപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കി.
കേസിൽ നടി അയച്ച വാട്‌സ്ആപ്പ് ചാറ്റുകളും സന്ദേശങ്ങളും ചിത്രങ്ങളും അടക്കമുള്ള തെളിവുകൾ കഴിഞ്ഞദിവസം വിജയ് ബാബു കോടതിയിൽ ഹാജരാക്കിയിരുന്നു. ദുബായിൽനിന്ന് 30ന് കൊച്ചിയിൽ തിരിച്ചെന്നുമെന്ന് വ്യക്തമാക്കുന്ന വിമാന ടിക്കറ്റിന്റെ പകർപ്പിനൊപ്പമാണ് പരാതിക്കാരിയായ നടിക്കെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കിക്കൊണ്ട് ഉപഹർജി നൽകിയത്. പുതിയ സിനിമയിൽ മറ്റൊരു നടിയെ നായികയാക്കിയതോടെയാണ് ലൈംഗിക പീഡനമാരോപിച്ച് പരാതി നൽകിയതെന്നു ഉപഹർജിയിൽ വിജയ് ബാബു ആരോപിച്ചു.
2018 മുതൽ നടിയെ അറിയാം. പല തവണ എന്റെ പക്കൽ നിന്നും പണം കടം വാങ്ങിയിട്ടുണ്ട്. സിനിമയിൽ അവസരത്തിനായി നിരന്തരം ബന്ധപ്പെട്ടിരുന്നു. പീഡിപ്പിക്കപ്പെട്ടുവെന്നു പറയുന്ന ദിവസത്തിന് ശേഷവും എന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ലിനിക്കിൽ എത്തി എന്റെ ഭാര്യയുമായി സംസാരിച്ചു, വിജയ് ബാബു പറയുന്നു. ഏപ്രിൽ 14ന് തന്റെ ഫ്‌ലാറ്റിൽ വച്ച് പുതിയ ചിത്രത്തിലെ നായികയോട് പരാതിക്കാരി ദേഷ്യപ്പെട്ടുവെന്നും വിജയ് ബാബു ആരോപിച്ചു.