യാത്രക്കാരുടെ വിവരങ്ങൾ വിൽപ്പനയ്‌ക്കെന്ന് പരാതി; വിവാദ ടെൻഡർ ഐആർസിടിസി പിൻവലിച്ചു

ദില്ലി: ഉപഭോക്താക്കളുടെ വിവരങ്ങള്‍ ധന സമ്പാദനത്തിനായി വിൽക്കില്ലെന്ന് ഐആർസിടിസി വ്യക്തമാക്കി. ഉപഭോക്താക്കളുടെ വിവരങ്ങൾ നിരീക്ഷിക്കുന്നതിനായി കൺസൾട്ടന്റിനെ നിയമിക്കുന്നതിനുള്ള ടെൻഡർ വിവാദമായതിന് പിന്നാലെയാണ്‌ വിശദീകരണം. ടെൻഡർ പിൻവലിച്ചതായും ഐആർസിടിസി അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ ചോദ്യത്തിന് പാർലമെന്ററി ഇൻഫർമേഷൻ ടെക്‌നോളജി സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ടെൻഡർ ഉപേക്ഷിക്കുന്നതായി അറിയിച്ചത്.

കേന്ദ്ര ഗവൺമെന്റ് വ്യക്തിഗത ഡാറ്റാ പ്രൊട്ടക്ഷൻ (പിഡിപി) ബിൽ, 2019 ഒഴിവാക്കിയ ശേഷം ഈ നിയമത്തിന് പകരമായി ആധുനിക ഡിജിറ്റൽ സ്വകാര്യതാ നിയന്ത്രണങ്ങൾക്കായുള്ള ഒരു സമഗ്ര ബിൽ വരും. ഡിജിറ്റൽ ഡാറ്റ നിരീക്ഷിക്കുന്നതിനായി ഒരു കൺസൾട്ടന്റിനെ നിയമിക്കുന്നതിനുള്ള ടെൻഡറിനെക്കുറിച്ചുള്ള പിടിഐ റിപ്പോർട്ടിനെ തുടർന്ന് പാർലമെന്ററി പാനൽ ഐആർസിടിസി എക്സിക്യൂട്ടീവുകളെ ചോദ്യം ചെയ്തിരുന്നു. ഐആർസിടിസിയുടെ എംഡിയും ചെയർമാനുമായ രജനി ഹസിജ മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം പാനൽ മുമ്പാകെ മൊഴി നൽകി. ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന് അംഗീകാരം ലഭിക്കാത്തതിന്റെ വെളിച്ചത്തിൽ ഐആർസിടിസി ടെൻഡർ പിൻവലിച്ചു എന്ന് ഐആർസിടിസി ഉദ്യോഗസ്ഥൻ പാനലിനെ അറിയിച്ചു.

പാനൽ ഹിയറിംഗിന് മുമ്പ് തന്നെ ഐആർസിടിസി വാർഷിക പൊതുയോഗം ടെൻഡർ അസാധുവാക്കാൻ തീരുമാനിച്ചു. 10 കോടിയിലധികം ഉപയോക്താക്കൾ ഐആർസിടിസിയുമായി ബന്ധപ്പെട്ടിട്ടുണ്ട് , അതിൽ 7.5 കോടി സജീവ ഉപയോക്താക്കളാണ്.

ഐആർടിസി സ്വന്തം പ്ലാറ്റ്‌ഫോമിൽ നിന്ന് ട്രെയിൻ ടിക്കറ്റിംഗ്, റിട്ടയേറിംഗ് റൂം ബുക്കിംഗ്, ഹോട്ടൽ ബുക്കിംഗ്, എയർ ടിക്കറ്റിംഗ്, ബസ് ബുക്കിംഗ്, കാറ്ററിംഗ് സർവീസ് തുടങ്ങിയ നിരവധി സംരംഭങ്ങൾ ഇതിനോടകം രൂപപ്പെടുത്തിയിട്ടുണ്ട്.

ഐആർസിടിസിക്ക് 1,000 കോടി രൂപ വരെ വരുമാനം ലഭ്യമാക്കുക എന്നതായിരുന്നു ആദ്യത്തെ ലക്ഷ്യം എന്നാൽ പിന്നീട് ഈ തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നു.

Top