കണ്ണൂര്‍: വീട് വിട്ടുകിട്ടാന്‍ സഹായിക്കണമെന്ന ആവശ്യവുമായി ഉടമയായ വീട്ടമ്മ വനിതാകമ്മിഷനെ സമീപിച്ചു. ബി.ജെ.പി. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയാണ് വനിതാ കമ്മീഷനെ സമീപിച്ചത്.
കണ്ണൂര്‍ കാനത്തൂര്‍ വാര്‍ഡില്‍ പരേതനായ പൂത്തുള്ളില്‍ വിജയന്റെ ഭാര്യ 83 വയസ്സുള്ള ഇന്ദിരയാണ് പരാതിക്കാരി.
ഒരുവര്‍ഷത്തിലധികമായി വാടകപോലും നല്‍കാതെയാണ് ബി.ജെ.പി. ജില്ലാകമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നതെന്നാണ് പരാതിയിലുള്ളത്.
പത്തുവര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചപ്പോള്‍ വിദേശത്തുള്ള മകന്റെ അടുക്കലേക്ക് പോയിരുന്നു. അപ്പോള്‍ കുടുംബവുമായി പരിചയമുള്ള ഒരാള്‍ക്ക് വീട് വാടകയ്ക്കുനല്‍കിയെന്നും ഇദ്ദേഹം ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് മറിച്ചുനല്‍കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
വിദേശത്ത് നിന്ന് തിരിച്ച് നാട്ടിലെത്തിയ താന്‍ വീട് ആവശ്യപ്പെട്ടെങ്കിലും മറ്റൊരു കെട്ടിടം ലഭിക്കുന്നതുവരെ തല്‍ക്കാലം സഹകരിക്കണമെന്ന് ബി.ജെ.പി. നേതാക്കള്‍ അറിയിച്ചുവെന്ന് ഇന്ദിര പറയുന്നു. എന്നാല്‍, ഇതിനിടയില്‍ നിരവധി തവണ ഇന്ദിരയും മറ്റു ബന്ധുക്കളും ബി.ജെ.പി. നേതൃത്വവുമായി ബന്ധപ്പെട്ടെങ്കിലും പലതും പറഞ്ഞ് മടക്കുകയായിരുന്നുവെന്ന് ഇന്ദിര കമ്മീഷനെ അറിയിച്ചു. വാടകയ്ക്ക് ഫ്‌ലാറ്റെടുത്താണ് അവര്‍ ഇപ്പോള്‍ കഴിയുന്നത്.
സംഭവത്തില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനോട് ഉള്‍പ്പെടെ ഫോണില്‍ ബന്ധപ്പെട്ട് വീട് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഭയംകൊണ്ടാണ് ഇതുവരെ പോലീസില്‍ പരാതി നല്‍കാത്തതെന്നാണ് ഇവര്‍ പറയുന്നത്.
ഭര്‍ത്താവ് ജീവിച്ചുമരിച്ച വീട്ടില്‍ത്തന്നെ തനിക്കും മരിക്കണമെന്ന് ആഗ്രഹമുണ്ടെന്നാണ് തിങ്കളാഴ്ച കളക്ടറേറ്റില്‍ നടന്ന കമ്മിഷന്റെ സിറ്റിങ്ങില്‍ ഇന്ദിര പറഞ്ഞത്. ഇന്ദിരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വീട് വാടകയ്ക്കു നല്‍കിയ വ്യക്തിക്ക് കമ്മിഷന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, തിങ്കളാഴ്ചത്തേത് ഉള്‍പ്പെടെ കഴിഞ്ഞ രണ്ടു സിറ്റിങ്ങിലും അദ്ദേഹം ഹാജരാകുകയുണ്ടായില്ല.