ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ഒന്നേമുക്കാല്‍ കൊല്ലം താമസിച്ചു; ചിന്താ ജെറോം വീണ്ടും വിവാദത്തില്‍

കൊല്ലം: യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്നും, വാടകയായി 38 ലക്ഷത്തോളം രൂപ നല്‍കിയെന്നുമാണ് ആക്ഷേപം. ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും വിജിലന്‍സിനും ഇഡിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

കൊല്ലം തങ്കശ്ശേരിയിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ മൂന്ന് മുറികളുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ചിന്താ ജെറോം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപ്പാര്‍ട്ട്‌മെന്റിന്റെ വാടക. ഇതനുസരിച്ച് വാടകയായി 38 ലക്ഷത്തോളം രൂപ ചിന്ത ഹോട്ടലിന് നല്‍കിയെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ഇത്രയും പണം യുവജന കമ്മീഷന്‍ അധ്യക്ഷക്ക് എങ്ങനെ കിട്ടി, ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം, വിജിലന്‍സിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിലും പരാതി നല്‍കി. എന്നാല്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചത് അമ്മയുടെ ആയുര്‍വ്വേദ ചികിത്സയ്ക്കായിട്ടാണ് എന്നാണ് ചിന്താ ജെറോമിന്റെ വിശദീകരണം. പ്രതിമാസം 20,000 രൂപയാണ് മാസവാടക നല്‍കിയതെന്നും ചിന്ത പറയുന്നു.

Top