ഭൂമികയ്യേറ്റം : ദിലീപിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ കളക്ടര്‍ക്കെതിരെ പരാതി

തിരുവനന്തപുരം: നടന്‍ ദിലീപിന്റെ ഡി സിനിമാസ് തിയറ്റര്‍ സമുച്ചയം ഭൂമികയ്യേറിയെന്ന ആരോപണത്തില്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ തൃശൂര്‍ കളക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി.

ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. വിഷയത്തില്‍ നേരത്തെ പരാതി നല്‍കിയ സന്തോഷ് എന്ന വ്യക്തിയാണ് പരാതിക്കാരന്‍.

ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിന്റെ കൈവശമുള്ള ഭൂമി അളന്നത് സര്‍വേ ബൗണ്ടറികള്‍ പാലിക്കാതെയാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. സര്‍വേ സൂപ്രണ്ടും കൈയേറ്റക്കാരനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഭൂമി ഒഴിപ്പിക്കണമെന്ന ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് നടപ്പിലാക്കാത്ത തൃശൂര്‍ ജില്ലാ കളക്ടര്‍ എം.എസ്ജയയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

ഡി സിനിമാസ് തിയേറ്റര്‍ പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മിച്ചതാണെന്ന് മുമ്പ്് ആക്ഷേപമുയര്‍ന്നപ്പോള്‍ കളക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഭൂമി കയ്യേറിയിട്ടില്ലെന്നാണ് അന്നത്തെ കളക്ടറായിരുന്ന ജയ റിപ്പോര്‍ട്ട് നല്‍കിയത്.

Top