ദിലീപ് ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ചതായി പരാതി ; ലാന്‍ഡ് ബോര്‍ഡ് റിപ്പോര്‍ട്ട് തേടി

dileep

കൊച്ചി: നടന്‍ ദിലീപ് ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ചതായി ലാന്‍ഡ് ബോര്‍ഡ്.

സംഭവത്തില്‍ റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വ്വെ വകപ്പുകളോട് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

21.67 ഏക്കര്‍ ഭൂമിയാണ് അഞ്ച് ജില്ലകളിലായി ദിലീപിന്റേയും കുടുംബാംഗങ്ങളുടേയും പേരിലുള്ളതെന്നാണ് രജിസ്‌ട്രേഷന്‍ വകുപ്പ് കണ്ടെത്തിയത്.

കരുമാലൂര്‍ പുറപ്പിള്ളിക്കാവില്‍ ദിലീപ് കയ്യേറിയതായി ആരോപണമുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെയാണ് താലൂക്ക് സര്‍വ്വേയറുടെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചത്. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം പറവൂര്‍ തഹസില്‍ദാര്‍ക്ക് കൈമാറും.

ഇതിനിടെ ദിലീപ് കയ്യേറിയതായി ആരോപിക്കപ്പെടുന്ന പുറമ്പോക്ക് ഭൂമിയിലെ മതിലിന്റെ ഒരു ഭാഗം ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടിച്ചു പൊളിച്ചു.

ഡി സിനിമാസ് തിയേറ്റര്‍ കയ്യേറ്റ ഭൂമിയിലാണോ എന്നറിയാന്‍ വീണ്ടും അളന്ന് തിട്ടപ്പെടുത്തിയെങ്കിലും കയ്യേറ്റമുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല. രണ്ട് ദിവസത്തിനകം സര്‍വ്വേ ഫലം കളക്ടര്‍ക്ക് കൈമാറുമെന്നും കളക്ടര്‍ സര്‍ക്കാരിന് നല്‍കുന്ന അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം, കോട്ടയം കുമരകത്ത് നടന്‍ ദിലീപ് ഭൂമി കയ്യേറിയിട്ടില്ലെന്ന ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവന്നു.

ദിലീപ് വാങ്ങി മറിച്ച് വിറ്റ ഭൂമിയില്‍ പുറമ്പോക്ക് ഉണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ഭൂമിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നും അതിനാല്‍ കയ്യേറ്റം നടന്നതായി കണ്ടെത്താനായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് കലക്ടര്‍ റവന്യു മന്ത്രിക്ക് കൈമാറി.

Top