കൊച്ചി ∙ ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വ നാടകത്തിൽ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചതായി പരാതി. ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും ഇതു സംബന്ധിച്ചു പരാതി നൽകി. പ്രധാനമന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും നിയമമന്ത്രാലയത്തിനുമാണു പരാതി നൽകിയത്.
റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു ഹൈക്കോടതിയിൽ സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായാണ് ‘വൺ നേഷൻ, വൺ വിഷൻ, വൺ ഇന്ത്യ’ എന്ന നാടകം അരങ്ങേറിയത്. ഹൈക്കോടതി ജീവനക്കാരും അഡ്വ.ജനറൽ ഓഫിസിലെ ജീവനക്കാരും ക്ലർക്കുമാരും ചേർന്നാണു ഒൻപതുമിനിറ്റുള്ള നാടകം അരങ്ങിലെത്തിച്ചത്.
നാടകത്തിൽ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചെന്നാണു പരാതിയിൽ പറയുന്നത്. പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗ രീതികളെയും കേന്ദ്രപദ്ധതികളെയും സ്വാതന്ത്ര്യത്തിന്റെ അമൃത വർഷാഘോഷത്തെയും നാടകത്തിൽ അധിക്ഷേപിച്ചതായി പരാതിയിൽ പറയുന്നു.