ആലപ്പുഴ: മന്ത്രി ജി സുധാകരന്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ പൊലീസ് നിയമോപദേശം തേടി. പരാതിയില്‍ കേസെടുക്കാനാകുമോ എന്നറിയാനാണ് നിയമോപദേശം തേടിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍. പരാതിയില്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിരുന്നു.
ആലപ്പുഴയില്‍ വച്ച് നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ ജി. സുധാകരന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഇതിനെതിരെയാണ് മന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയത്.
വസ്തുതാ അന്വേഷണം നടത്തിയ ആലപ്പുഴ സൗത്ത് പൊലീസ് പരാതി അമ്പലപ്പുഴയിലേക്ക് തിരികെ കൈമാറി. തുടര്‍ന്ന് യുവതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.