ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതിയില്‍ അമ്പലപ്പുഴ പൊലീസ് തുടര്‍ നടപടികള്‍ ആരംഭിച്ചു. സ്ത്രീവിരുദ്ധ പരാമര്‍ശം മന്ത്രി നടത്തിയെന്ന് ആരോപിക്കുന്ന വാര്‍ത്താ സമ്മേളനത്തിന്റ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ പരാതിക്കാരിയോട് ആവശ്യപ്പെട്ടു. കൂടാതെ പരാതിയില്‍ പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്.
മന്ത്രി സുധാകരന്റെ രൂക്ഷമായ പ്രതികരണങ്ങളാണ് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെയും ഭാര്യയെയും ചൊടിപ്പിച്ചത്. നേരത്തെ ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ പ്രശ്‌നം ഒത്തുതീരുമെന്ന ഘട്ടമെത്തിയെങ്കിലും പരാതിക്കാരി പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. മന്ത്രി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ജാതീയമായ അധിക്ഷേപിച്ചെന്നുമുള്ള പരാതിയില്‍ പറഞ്ഞ കാര്യങ്ങളാണ് യുവതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴിയിലും ആവര്‍ത്തിക്കുന്നത്.