മുംബൈ: വ്യാജ വാര്‍ത്ത ട്വീറ്റ് ചെയ്ത സഹോദരി രംഗോലി ചണ്ഡേലിനെ പിന്തുണച്ച ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരെ പരാതി.
മുംബൈ സ്വദേശിയായ അഡ്വ. അലി കാഷിഫ് ഖാന്‍ ദേശ്മുഖ് ആണ് പരാതി നല്‍കിയത്. നേരത്തെ, രംഗോലിക്കെതിരെ അംബോലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതും അലി കാഷിഫ് ഖാനാണ്.
ഒരു സഹോദരി കൊലപാതകത്തെ കുറിച്ചും അക്രമങ്ങളെ കുറിച്ചും പറയുന്നു. മറ്റൊരു സഹോദരി രാജ്യവ്യാപക വിമര്‍ശനങ്ങളെയും ട്വീറ്റിനെയും പിന്തുണക്കുന്നു. നടിയും അവരുടെ സഹോദരിയും തങ്ങളുടെ വ്യക്തിപരമായ നേട്ടത്തിനും ലാഭത്തിനുമായി താരപദവി, ആരാധക ശക്തി, പണം, അധികാരം, സ്വാധീനം എന്നിവ ഉപയോഗിച്ച് രാജ്യത്ത് വിദ്വേഷവും അസന്തുലിതാവസ്ഥയും അക്രമങ്ങളും പ്രോത്സാഹിപ്പിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
മൊറാദാബാദില്‍ ചിലര്‍ പൊലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും കല്ലെറിഞ്ഞ് ഓടിച്ചെന്ന വ്യാജവാര്‍ത്ത വര്‍ഗീയ രീതിയില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് രംഗോലിയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയത്.
‘കൊറോണ വൈറസ് ബാധിച്ച് ഒരു ജമാഅത്തി മരിച്ചതിനു പിന്നാലെ അവരുടെ കുടുംബാംഗങ്ങളെ പരിശോധിക്കാന്‍ ചെന്ന ഡോക്ടര്‍മാരെയും പൊലീസിനെയും അവര്‍ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. ഈ മുല്ലമാരെയും സെക്കുലര്‍ മാധ്യമങ്ങളെയും നിരത്തി നിര്‍ത്തി വെടിവെച്ചു കൊല്ലണം’, എന്നായിരുന്നു രംഗോലിയുടെ വിവാദ ട്വീറ്റ്.