ദില്ലി: ലോക്‌സഭ എംപിക്കെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി സുപ്രീം കോടതി പരിസരത്തു തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. യുപിയില്‍ നിന്നുള്ള ബിഎസ്പി എംപി അതുല്‍ റായ് പ്രതിയായ കേസിലെ പരാതിക്കാരിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊള്ളലേറ്റ പെണ്‍കുട്ടിയേയും സുഹൃത്തിനെയും ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ സുപ്രീംകോടതിയില്‍ കടക്കാന്‍ ശ്രമിച്ച ഇവരെ മതിയായ രേഖകളില്ലാത്തതിനാല്‍ സുരക്ഷാജീവനക്കാര്‍ ഇരുവരെയും ഡി ഗേറ്റിനു മുന്നില്‍ തടഞ്ഞിരുന്നു. പിന്നാലെ കോടതി സമുച്ചയത്തിനു പുറത്തെ ഭഗ്‌വാന്‍ദാസ് റോഡിലായിരുന്നു യുവതിയുടെയും സുഹൃത്തിന്റെയും ആത്മഹത്യ ശ്രമം.
തീകൊളുത്തും മുന്‍പ് ഇവര്‍ വിഡിയോ ചിത്രീകരിച്ചിരുന്നു. ഇതില്‍ എംപിയെ രക്ഷിക്കാന്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍, യുപി പൊലീസിലെ മുന്‍ ഐജി, ഒരു ജഡ്ജി എന്നിവര്‍ ശ്രമിക്കുന്നതായി ആരോപിച്ചിരുന്നു. അതുല്‍ റായിയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനുമെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.
2019 മുതല്‍ അതുല്‍ റായ് ജയിലിലാണ്. 2019 ല്‍ റായിയുടെ വാരാണസിയിലെ അപ്പാര്‍ട്‌മെന്റില്‍ വച്ചു പീഡിപ്പിച്ചെന്നും വിഡിയോ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തിയെന്നുമാണു പെണ്‍കുട്ടിയുടെ പരാതി.