ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പരാതി

കൊച്ചി: ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പരാതി. ആലപ്പുഴ ബിജെപി കണ്‍വീനര്‍ ഹരീഷ് ആര്‍ കാട്ടൂരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ബിഷപ്പുമാര്‍ക്കെതിരായ പ്രസ്താവന മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതാണ് എന്നാണ് പരാതിയില്‍ പറയുന്നത്. പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു.

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരായ പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തിയിരുന്നു. മണിപ്പൂര്‍ സംബന്ധിച്ച കാര്യത്തിലെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയ സജി ചെറിയാന്‍, വീഞ്ഞ്, കേക്ക് തുടങ്ങിയ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ പിന്‍വലിക്കുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിഷപ്പുമാര്‍ക്കെതിരായ പ്രസ്താവനയില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സജി ചെറിയാന്‍ രംഗത്തെത്തിയത്.

Top