ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മുഹമ്മദ് സലാഹിനെ പരിക്കേല്‍പിച്ച റാമോസിനെതിരെ പരാതി

muhamme-salah

കെയ്‌റോ:റയല്‍ മാഡ്രിഡ്‌ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തില്‍ മുഹമ്മദ് സലാഹിനെ പരിക്കേല്‍പിച്ച സെര്‍ജിയോ റാമോസിനെതിരെ പരാതി. സലാഹിനെ മനഃപൂര്‍വ്വം റാമോസ് വേദനിപ്പിച്ചെന്ന് ആരോപിച്ച് ഫിഫക്കാണ് പരാതി നല്‍കിയത്. ബാസ്സെം വാഹ്ബയെന്ന ഈജിപ്ഷ്യന്‍ അഭിഭാഷകനാണ് റാമോസിനെതിരെ പരാതിപ്പെട്ടത്.

റിപ്പോര്‍ട്ട് ലഭിച്ചതായും അന്വേഷണമുണ്ടാവുമെന്നും ഫിഫ വെബ്‌സൈറ്റ് അറിയിച്ചെന്നും പരാതിയില്‍ സത്യമുണ്ടെന്ന് കണ്ടെത്തിയാല്‍ സലാഹിന് നഷ്ടപരിഹാരം നല്‍കാന്‍ റാമോസും ക്ലബ്ബും നിര്‍ബന്ധിതരാകുമെന്നും വഹ്ബ വ്യക്തമാക്കിയിട്ടുണ്ട്. റയല്‍ തങ്ങളുടെ താരങ്ങളില്‍ അക്രമവാസന പ്രോത്സാഹിപ്പിക്കുന്നെന്നും വഹ്ബയുടെ പരാതിയില്‍ പറയുന്നുണ്ട്.

ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരാട്ടത്തില്‍ മുന്നേറുന്നതിനിടെ ലിവര്‍പൂളിന്റെ പ്രതീക്ഷയായ സലാഹിന് പരിക്കേറ്റത് ഈജിപ്തിനെയാണ് ശരിക്കും ഞെട്ടിച്ചത്. ലോകകപ്പിലെ തങ്ങളുടെ പ്രതീക്ഷയായ താരം പരിക്കില്‍ നിന്ന് മുക്തനായി തിരികെയെത്താനാണ് ഈജിപ്തുകാരുടെ പ്രാര്‍ത്ഥന.

Top