കൊച്ചി: നടി രേവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ സിറ്റി പൊലീസ് കമ്മീഷ്ണറുടെ നിര്‍ദ്ദേശം.17 വയസുള്ള കുട്ടി ഒരു ദിവസം രാത്രി തന്റെ വാതിലില്‍ മുട്ടി ചേച്ചീ എന്നെ രക്ഷിക്കൂ’ എന്ന് പറഞ്ഞതായാണ് കഴിഞ്ഞ ദിവസം എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രേവതി വെളിപ്പെടുത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ നടന്ന അതിക്രമം അറിഞ്ഞിട്ടും പൊലീസിനെ അറിയിക്കാതിരുന്നത് ഗുരുതരമായ കുറ്റമായതിനാലാണ് പൊലീസ് ഇതു സംബന്ധമായി അന്വേഷണം നടത്തുന്നത്.പത്രസമ്മേളനത്തിന്റെ വീഡിയോ പരിശോധിച്ച ശേഷം പൊലീസ് രേവതിയില്‍ നിന്നും മൊഴി രേഖപ്പെടുത്തും.
സംഭവം വിവാദമായതോടെ 26 വര്‍ഷം മുന്‍പ് നടന്ന സംഭവമാണെന്ന് തിരുത്തി രേവതി രംഗത്ത് വന്നിട്ടുണ്ടെങ്കിലും അന്വേഷണം നടത്താന്‍ തന്നെയാണ് പൊലീസിന്റെ തീരുമാനം.അതേ സമയം കഴിഞ്ഞ ദിവസം അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.ഇ മെയിലായി ലഭിച്ച പരാതി ആയതിനാലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്നാണ് പോലീസ് പറയുന്നത്.
സ്വമേധയാ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ യാത്ഥാര്‍ത്ഥ്യം ബോധ്യമായാല്‍ മുഖം നോക്കാതെ നടപടി സ്വീകരിച്ചേക്കും.പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന് രേവതി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സ്ത്രീകള്‍ക്കെതിരായ തെറ്റായ നോട്ടം പോലും കുറ്റമായതിനാല്‍ ആര് എപ്പോള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നതിന് രേവതി മറുപടി പറയേണ്ടി വരും.
പെണ്‍കുട്ടി ആരാണെന്ന് രേവതിയില്‍ നിന്നും അറിഞ്ഞ ശേഷം അവരുടെ കൂടി മൊഴി രേഖപ്പെടുത്തിയാലേ യാഥാര്‍ത്ഥ്യം വ്യക്തമാവുകയൊള്ളു.അതേ സമയം നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന രേവതിക്ക് എന്തുകൊണ്ട് ഈ പെണ്‍കുട്ടി മുന്നില്‍ വന്നു കരഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്ന ചോദ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായിട്ടുണ്ട്.
പത്രസമ്മേളനത്തിനു പിന്നിലെ അജണ്ട രേവതിയുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞതില്‍ എന്തായാലും താരസംഘടന അമ്മയിലെ ഭൂരിപക്ഷ അംഗങ്ങളും സന്തോഷത്തിലാണ്.മോഹന്‍ലാലിനെ ലക്ഷ്യമിട്ട നീക്കമാണ് ഡബ്യൂസിസി ഇപ്പോള്‍ നടത്തുന്നതെന്നാണ് താരങ്ങളുടെ ആരോപണം.അച്ചടക്കം ലംഘിച്ചതിന് പത്ര സമ്മേളനം നടത്തിയ നടിമാരെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യത്തിനാണ് അമ്മയില്‍ ഭൂരിപക്ഷമെന്നും അഭ്യൂഹമുണ്ട്.