മലപ്പുറം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ പരാതിയില്‍ മുന്‍ മന്ത്രി കെ ടി ജലീലിന്റെ വിശദ മൊഴി അന്വേഷണ സംഘം രേഖപ്പടുത്തി. കെ ടി ജലീലിന്‍റെ വീട്ടിൽ എത്തിയാണ് അന്വേഷണ സംഘം മൊഴി എടുത്തത്. സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ പിന്നിലെ ബുദ്ധികേന്ദ്രം ആരെന്ന് അന്വേഷിക്കണമെന്നാണ് ജലീലിന്‍റെ ആവശ്യം. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഇലക്ട്രോണിക് തെളിവുകൾ പരിശോധിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും കെ ടി ജലീൽ ആവശ്യപ്പെടുന്നു.
അതേസമയം, കെ ടി ജലീലിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് രാവിലെ ഹർജി പരിഗണിക്കുക. രഹസ്യമൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിറകിലെന്നും കലാപശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നുമാണ് സ്വപ്ന സുരേഷിന്‍റെ വാദം. മുഖ്യമന്ത്രിയും കുടുംബവും മുൻ മന്ത്രിമാരും അടക്കം കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ കോടതിയിൽ പറഞ്ഞതിലുള്ള പ്രതികാരമാണ് കേസിന് പിറകിലെന്നും മൊഴി തിരുത്താൻ മുഖ്യമന്ത്രിയിൽ നിന്നടക്കം ഭീഷണിയുണ്ടെന്നും ഹർജിയിൽ സ്വപ്ന ആരോപിച്ചിട്ടുണ്ട്.