തിരുവനന്തപുരം : ഐഎസ്ആര്‍ഒ മുന്‍ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച
ടിപി സെന്‍കുമാറിനെതിരെ പരാതി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് ആണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
സെന്‍കുറാറിന്റെ പരാമര്‍ശം രാജ്യത്തെയും നീതിന്യായവ്യവസ്ഥയെയും അപമാനിക്കുന്ന തരത്തിലുള്ളതാണെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ ടി.പി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. പുരസ്‌കാരത്തിനായി നമ്പി നാരായണന്‍ നല്‍കിയ സംഭാവന എന്താണെന്നും അവാര്‍ഡ് നല്‍കിയവര്‍ ഇത് വ്യക്തമാക്കണമെന്നും ശരാശരിയില്‍ താഴെയുള്ള ഒരു ശാസ്ത്രജ്ഞനാണ് നമ്പി നാരായണനെന്നും ഇങ്ങനെ പോയാല്‍ മറിയം റഷീദയ്ക്കും അവാര്‍ഡ് നല്‍കേണ്ടി വരുമെന്നും ഗോവിന്ദച്ചാമിയും, അമീര്‍ ഉള്‍ ഇസ്ലാമുമൊക്കെ ഈ പട്ടികയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചാരക്കേസ് കോടതി നിയോഗിച്ച സമിതി പരിശോധിക്കുകയാണെന്നും ഈ ഘട്ടത്തില്‍ എന്തിനാണ് ഇങ്ങനൊരു അംഗീകാരമെന്നും സെന്‍കുമാര്‍ ചോദിച്ചിരുന്നു.