ദിവസവും 500 കോളുകള്‍, ചോദിക്കുന്നത് സണ്ണി ലിയോണിനെ; പരാതിയുമായി യുവാവ്

ന്യൂഡല്‍ഹി: സിനിമകളില്‍ കാണുന്ന നമ്പര്‍ ആരുടേതോ ആയിക്കൊള്ളട്ടേ വിളിച്ച് ശല്യപ്പെടുത്തുന്നവര്‍ നിരവധിയാണ്. പ്രത്യേകിച്ച് അത് ഒരു പെണ്ണിന്റേതാണെന്ന് കണ്ടാല്‍. ഇപ്പോള്‍ അത്തരത്തില്‍ ഒരു വിളിയാണ് ഡല്‍ഹിയിലെ ഒരു യുവാവിന്റെ ഫോണിലേയ്ക്ക് വരുന്നത്. സണ്ണി ലിയോണിന്റെ നമ്പര്‍ ആണോയെന്ന് ചോദിച്ചാണ് പലരും വിളിക്കുന്നത്.

രാപകല്‍ വ്യത്യാസമില്ലാതെ ദിവസവും 500 ഓളം കോളുകള്‍ വരുന്നുണ്ടെന്ന് യുവാവ് പറയുന്നു. സണ്ണിയോട് സംസാരിക്കണം എന്ന് പറയുന്നതിനു പുറമെ ചിലര്‍ അശ്ലീലത കലര്‍ത്തിയും സംസാരിക്കുന്നുവെന്ന് യുവാവ് പറയുന്നു. സംഭവത്തില്‍ ഗതികെട്ട് പോലീസിനെ സമീപിച്ചിരിക്കുകയാണ് യുവാവ്. ദില്‍ജിത് ദോസാന്‍ജ് നായകനായ അര്‍ജുന്‍ പട്യാല എന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഒരു സീനില്‍ നായകന്‍ കുറിക്കുന്ന ഫോണ്‍ നമ്പര്‍ ആണ് എട്ടിന്റെ പണി യുവാവിന് കൊടുത്തത്. അത് ഇയാളുടെ നമ്പര്‍ ആയിരുന്നു. ഇതോടെയാണ് ഫോണ്‍ കാരണം യുവാവിന് സ്വസ്ഥത നഷ്ടപ്പെട്ടത്. ഡല്‍ഹിയിലെ ഒരു പ്രൈവറ്റ് കമ്പനിയില്‍ സീനിയര്‍ എക്സിക്യൂട്ടീവ് ആയി ജോലിയെടുക്കുകയാണ് ഇദ്ദേഹം.

Top