യോഗിക്കെതിരായ ‘ അടി പരാമര്‍ശം’; ഉദ്ധവിനെതിരെ കേസെടുക്കണമെന്ന് പരാതി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നാരായണ്‍ റാണയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഉദ്ധവ് താക്കറെ സര്‍ക്കാരിനോട് പകരംവീട്ടാന്‍ ബിജെപി. മൂന്നു വര്‍ഷം മുന്‍പ് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഉദ്ധവിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പോലീസില്‍ പരാതി നല്‍കി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ഉദ്ധവിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് നാസിക്കില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഉദ്ധവ് താക്കറെ, രശ്മി താക്കറെ, വരുണ്‍ സര്‍ദേശായി എന്നിവര്‍ക്കെതിരേ മൂന്നു പരാതികളാണ് ബിജെപി നേതാക്കള്‍ നല്‍കിയിരിക്കുന്നത്. 2018ല്‍ ഉദ്ധവ് താക്കറെ നേടത്തിയ പരാമര്‍ശത്തിനെതിരേയാണ് പരാതി. യോഗി ആദിത്യനാഥ് ശിവജിയുടെ പ്രതിമയില്‍ ചെരിപ്പ് ധരിച്ചുകൊണ്ട് ഹാരാര്‍പ്പണം നടത്തിയതിനെതിരെയായിരുന്നു പരാമര്‍ശം. ചെരിപ്പിട്ടുകൊണ്ട് ഹാരാര്‍പ്പണം നടത്തിയ ആളെ ചെരിപ്പുകൊണ്ട് അടിക്കണം എന്നായിരുന്നു ഉദ്ധവിന്റെ പ്രസംഗം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്.

രണ്ടാമത്തെ പരാതി ഉദ്ധവിന്റെ ഭാര്യയും ശിവസേന മുഖപത്രമായ സാമ്നയുടെ പത്രാധിപരുമായ രശ്മി താക്കറെയ്ക്കെതിരെയാണ്. നാരായണ്‍ റാണെക്ക് എതിരെ സാമ്‌നയില്‍ വന്ന ലേഖനത്തില്‍ മോശം പരാമര്‍ശം നടത്തി എന്നാരോപിച്ചാണ് പരാതി. നാരായണ്‍ റാണെയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് യുവസേന നേതാവ് വരുണ്‍ സര്‍ദേശായിക്കെതിരേയും പരാതി നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നതിന് മുന്‍പാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ആദിത്യനാഥിനെതിരേ പരാമര്‍ശം നടത്തിയത്. ‘എങ്ങനെയാണ് യോഗിക്ക് മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞത്? ആദിത്യനാഥ് ഒരു യോഗിയാണ്, യോഗിയായ ഒരാള്‍ എല്ലാം വെടിഞ്ഞ് ഗുഹയില്‍ ഇരിക്കണം. യു.പിയില്‍ നിന്ന് ഒരു പുരോഹിതന്‍ ശിവജിയുടെ കിരീടധാരണത്തിനായി വന്നു. വായു നിറച്ച ബലൂണ്‍ പോലെയാണ് യോഗി എത്തിയത്. ചെരുപ്പ് ധരിച്ചാണ് ശിവജിക്ക് ഹാരമണിയിച്ചത്. ആ ചെരുപ്പ് വെച്ച് നല്ലൊരു അടി കൊടുക്കാനാണ് എനിക്ക് തോന്നിയത്’, എന്നായിരുന്നു താക്കറെയുടെ വാക്കുകള്‍.

 

Top