കളമശ്ശേരി സ്‌ഫോടനം; കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനും അനില്‍ കെ ആന്റണിക്കുമെതിരെ പരാതി

തിരുവനന്തപുരം: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനും ബിജെപി ദേശീയ സെക്രട്ടറി അനില്‍ കെ ആന്റണിക്കുമെതിരെ പരാതി. കളമശ്ശേരി സ്‌ഫോടനം സംബന്ധിച്ച് ഇരുവരും നടത്തിയ പ്രസ്താവനകള്‍ മുന്‍ നിര്‍ത്തിയാണ് പരാതി. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ.പി. സരിന്‍ ആണ് ഡിജിപിക്ക് പരാതി നല്‍കിയത്.

ഇരുവരും നടത്തിയത് അപകീര്‍ത്തികരവും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ പ്രസ്താവനയെന്ന് പരാതിയില്‍ പറയുന്നു. നേരത്തെ, സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, ബിജെപി നേതാവ് സന്ദീപ് വാര്യര്‍, ഇടത് സഹയാത്രികന്‍ ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ക്കെതിരെയും സരിന്‍ പരാതി നല്‍കിയിരുന്നു.

കളമശ്ശേരി സ്ഫോടനത്തിനു പിന്നാലെ വിദ്വേഷ പോസ്റ്റുകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുകയാണ്. സംസ്ഥാനത്താകെ പത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന ഭൂരിപക്ഷം പോസ്റ്റുകളും നീക്കിയതായി സൈബര്‍ ക്രൈം വിഭാഗം അറിയിച്ചു.

കളമശ്ശേരി സ്‌ഫോടനത്തെക്കുറിച്ച് സമൂഹ മാധ്യങ്ങളില്‍ വര്‍ഗീയ ചുവയോടെ പോസ്റ്റുകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് നടപടി. തിരുവനന്തപുരം സിറ്റിയില്‍ മാത്രം മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിലും പൊലീസ് സ്വമേധയും കേസുകള്‍ എടുത്തിട്ടുണ്ട്.

Top