നവകേരള സദസില്‍ പരാതി പ്രവാഹം; മൂന്നു മണ്ഡലങ്ങളിലായി 7500ലധികം പരാതികള്‍

കാഞ്ഞങ്ങാട്: നവകേരള സദസില്‍ പരാതി പ്രവാഹം. കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളില്‍ ആണ് ഇന്ന് സദസ്സ് പൂര്‍ത്തിയായത്. കാസര്‍കോട് ജില്ലയില്‍ ഇന്ന് മൂന്നു മണ്ഡലങ്ങളിലായി നടുക്കുന്ന നവകേരള സദസില്‍ ഇതുവരെയായി 7500ലധികം പരാതികളാണ് ലഭിച്ചത്. തൃക്കരിപ്പൂരില്‍ അല്‍പസമയത്തിനകം നവകേരള സദസ് തുടങ്ങും. സിപിഎം സ്വാധീന മേഖലകളിലേക്ക് കടന്നതോടെ കൂടുതല്‍ ജന പങ്കാളിത്തമാണ് യാത്രയ്ക്ക് ഉണ്ടായത്. ഇതുവരെ നടന്നതില്‍ ഏറ്റവും കൂടുതല്‍ പേര് എത്തിയത് കാഞ്ഞങ്ങാട്ടെ നവ കേരള സദസ്സിനാണ്. കാഞ്ഞങ്ങാട് മാത്രം നവകേരള സദസില്‍ ഇതുവരെ ലഭിച്ചത് 2800 ഓളം പരാതികളാണ്.

നാളെ കണ്ണൂരിലെ പയ്യന്നൂരില്‍ ആണ് ആദ്യ നവകേരള സദസ്. പൊള്ളുന്ന ജീവിത പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറിയിച്ച് പ്രശ്‌ന പരിഹാരം തേടാന്‍ നിരവധി പേരാണ് നവകേരള സദസിലെത്തുന്നത്. ചികിത്സ ധനസഹായം മുതല്‍ ക്ഷേമ പെന്‍ഷന്‍ വരെയുള്ള ആവശ്യങ്ങള്‍ക്കായാണ് പലരും എത്തിയത്. ഒന്നര മാസത്തിനുള്ളില്‍ പരാതികള്‍ക്ക് പരിഹാരം കാണുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. അനുഭവിക്കുന്ന പല ദുരിതങ്ങള്‍ക്കും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പലരുമെത്തിയത്. ക്ഷേമ പെന്‍ഷന്‍ മുടങ്ങി ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ പാട് പെടുന്നവര്‍, സ്വന്തമായൊരു വീട് സ്വപ്നം കാണുന്നവര്‍, ലോണ്‍ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണിയില്‍ കുടുങ്ങിയവര്‍ അങ്ങനെ പ്രതിസന്ധികള്‍ക്കൊക്കെ പരിഹാരം പ്രതീക്ഷിച്ചാണ് നവകേരള സദസിന്റെ പരാതി കൗണ്ടറുകളിലേക്ക് ആളുകളെത്തുന്നത്.

റവന്യൂ ഉദ്യോഗസ്ഥര്‍ക്കാണ് കൗണ്ടറുകളുടെ ചുമതല. പരാതികള്‍ കളക്ടറേറ്റില്‍ എത്തിച്ച് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് ഓണ്‍ലൈനായി അപ്ലോഡ് ചെയ്യും. ഓരോ നവകേരള സദസിന്റെ വേദിക്ക് സമീപവും വിവിധ കൗണ്ടറുകളാണ് പരാതി സ്വീകരിക്കാനായി ഒരുക്കിയിരിക്കുന്നത്. ജില്ലാതലത്തില്‍ തീരുമാനമെടുക്കേണ്ട പരാതികളില്‍ ഒരു മാസത്തിനകം തീര്‍പ്പുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംസ്ഥാന തലത്തില്‍ തീരുമാനമെടുക്കേണ്ട പരാതികളില്‍ 45 ദിവസത്തിനകം പരിഹാരമുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരാഴ്ചയ്ക്കകം പരാതിക്കാര്‍ക്ക് ഇടക്കാല മറുപടി ലഭിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍.

Top