കെഎം ഷാജി കോഴ വാങ്ങിയെന്ന പരാതി; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് അയച്ചു

 

കോഴിക്കോട്: അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് കെഎം ഷാജി എംഎല്‍എ കോഴ വാങ്ങിയെന്ന പരാതിയില്‍ എംഎല്‍എ ഉള്‍പ്പെടെ 30 പേര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. കോഴ ആരോപണം ആദ്യം ഉയര്‍ത്തിയ മുസ്ലിംലീഗ് മുന്‍ പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറയില്‍ നിന്ന് ഇഡി മൊഴിയെടുക്കും. കെ.എം ഷാജിയെ ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 2014ല്‍ കെഎം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് ഇഡി അന്വേഷണം. ഇതേ കേസില്‍ വിജിലന്‍സ് അന്വേഷണം തുടരുന്നതിനിടെയൊണ് എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റും നടപടി തുടങ്ങിയത്.

ഇഡി കോഴിക്കോട് സബ് സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. അഴിമതി ആരോപണം ആദ്യം ഉന്നയിച്ച ലീഗ് മുന്‍ പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറയ്‌ക്കൊപ്പം സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍, പിടിഎ ഭാരവാഹികള്‍, സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ സിപിഎം നേതാവ് കുടുവന്‍ പത്മനാഭന്‍ എന്നിവര്‍ക്കും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതായാണ് വിവരം.

പ്ലസ്ടു കോഴ്‌സ് അനുവദിക്കാനായി കെഎം ഷാജി എംഎല്‍എ അഴീക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നും 25 ലക്ഷം കോഴവാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്നാണ് വിജിലന്‍സ് എഫ്‌ഐആര്‍. സ്‌കൂളിലെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും സാക്ഷിമൊഴികളില്‍ നിന്നും ഇക്കാര്യം വ്യക്തമാണെന്നും എഫ്‌ഐആറില്‍ പറയുന്നു.

 

Top