പനാജി: രോഗ കാരണം ചൂണ്ടിക്കാണിച്ച് സിക്ക് ലീവ് എടുത്ത ഐപിഎസുകാരന്‍ പബ്ബില്‍ വച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ഗോവ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലിനെതിരെയാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ബാഗാ ടൗണിലെ പബ്ബില്‍ വച്ചാണ് ഡിഐജി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നേരത്തെ ദില്ലി പൊലീസില്‍ ഉന്നത പദവി വഹിച്ചിരുന്ന ഉദ്യോഗസ്ഥനായ എ കോനിനെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിട്ടുള്ളത്.
തിങ്കളാഴ്ച രാത്രിയാണ് പരാതിക്ക് കാരണമായ സംഭവം നടന്നിട്ടുള്ളത്. സംഭവം നടക്കുന്ന സമയത്ത് മദ്യലഹരിയിലായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളുടെ ശല്യം അസഹ്യമായതോടെ യുവതി ഐപിഎസുകാരനോട് തട്ടിക്കയറുന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതി തട്ടിക്കയറുന്നതിനിടയിലും തൊപ്പി ധരിച്ച് മദ്യപിക്കുന്നത് തുടര്‍ന്ന ഐപിഎസുകാരനെ കയ്യേറ്റം ചെയ്യുന്നതില്‍ നിന്ന് പബ്ബിലെ ബൌണ്‍സറാണ് യുവതിയെ തടയുന്നത്.
ഓഗസ്റ്റ് 1 മുതല്‍ 14 വരെ മെഡിക്കല്‍ ലീവിലായിരുന്നു ഐപിഎസുകാരന്‍. വാസ്‌കോയിലായിരുന്നു ഐപിഎസുകാരന്‍ താമസിച്ചിരുന്നത്. എന്നാല്‍ ഇവിടെ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള പബ്ബിലാണ് സംഭവമുണ്ടായത്. ഉദ്യോഗസ്ഥനോട് ഡിജിപിക്ക് മുന്നില്‍ ഹാജരാകാന്‍ അണ്ടര്‍ സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്. കുടിച്ച് ലക്കില്ലാത്ത അവസ്ഥയില്‍ ബൗണ്‍സര്‍മാരുടെ സഹായത്തോടെ ഡിഐജി പബ്ബില്‍ നിന്ന് ശുചിമുറിയിലേക്ക് പോകുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
നടക്കാന്‍ പോലും ആവാത്ത അവസ്ഥയിലായിരുന്നു ഇയാളെന്ന് വ്യക്തമാക്കുന്നതാണ് സിസിടിവി ദൃശ്യങ്ങള്‍. ഐപിഎസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തേക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വിശദമാക്കി. 2009 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് എ കോന്‍.