മറ്റു പാര്‍ട്ടികള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതായി പരാതി; കെജ്‌രിവാളിനെതിരെ കേസ്

ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മറ്റു പാര്‍ട്ടികള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കെജ്‌രിവാളിനെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് കേസെടുത്തിരിക്കുന്നത്.

”മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. പെരുമാറ്റച്ചട്ടം അനുസരിച്ച് ഒരു പാര്‍ട്ടിക്കും ഇന്റര്‍നെറ്റിലൂടെ ഒരു പ്രത്യേക നേതാവിനെതിരെ ആക്ഷേപകരമായ വീഡിയോകള്‍ പ്രചരിപ്പിക്കാന്‍ കഴിയില്ല” മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. അകാലിദള്‍ വൈസ് പ്രസിഡന്റ് അര്‍ഷ്ദീപ് സിങ് ആണ് കെജ്‌രിവാളിനെതിരെ പരാതി നല്‍കിയത്. ശിരോമണി അകാലിദളിനെയും മറ്റു പാര്‍ട്ടികളെയും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് എ.എ.പി പ്രചാരണ വീഡിയോ തയ്യാറാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.

നാളെയാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ശക്തമായ വെല്ലുവിളി ഉയര്‍ത്തിയാണ് ആം ആദ്മി പാര്‍ട്ടി ഇത്തവണ പഞ്ചാബില്‍ അങ്കത്തിനിറങ്ങുന്നത്. ഡല്‍ഹി മാതൃകയില്‍ പഞ്ചാബിനെയും മാറ്റിയെടുക്കുമെന്നാണ് കെജ്‌രിവാളിന്റെ വാഗ്ദാനം.

Top