കണ്ണൂർ: തലശേരിയിൽ 17കാരന്റെ കൈമുറിച്ചുമാറ്റിയത് ചികിത്സാപ്പിഴവെന്ന പിതാവിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ കേസെടുത്തു. താലൂക്ക് ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധൻ വിജുമോനെതിരെയാണ് തലശേരി പൊലീസ് കേസെടുത്തത്.
തലശ്ശേരി ജനറൽ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നത്. ആശുപത്രിയുടെ അനാസ്ഥ കാരണം ഫുട്‌ബോൾ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നു എന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനും മുഖ്യമന്ത്രി പിണറായി വിജയനും കുട്ടിയുടെ കുടുംബം പരാതി നൽകിയിരുന്നു. ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നതിനിടെയാണ്, കുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തത്.
കയ്യിന്റെ എല്ല് പൊട്ടിയതിനെ തുടർന്നാണ് കുട്ടിയെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിക്കുന്നത്. ആശുപത്രിയിൽ എല്ലു ഡോക്ടർ ഉണ്ടായിരുന്നില്ല. ഡ്യൂട്ടി ഡോക്ടറാണ് കുട്ടിയ്ക്ക് ചികിത്സ നൽകിയത്. എക്‌സറേയുടെ ചിത്രം എടുത്ത് എല്ലു ഡോക്ടർക്ക് അയച്ചുകൊടുത്തതിന് ശേഷമാണ് ചികിത്സ നൽകുന്നത്.
എല്ല് പൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ആശുപത്രി ശസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ അപ്പോഴേക്കും കുട്ടിയുടെ കൈയിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. പിന്നീട് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ കിട്ടിയില്ല. മെഡിക്കൽ കോളേജിൽ വെച്ച് ഒടിഞ്ഞ കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് ഡോക്ടർമാർ പറഞ്ഞതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് കൈമുട്ടിന് താഴേക്കുള്ള ഭാഗം മുറിച്ച് മാറ്റുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.
എന്നാൽ ചികിത്സാ പിഴവ് ഉണ്ടായില്ലെന്ന് തലശേരി ജനറൽ ആശുപത്രി അധികൃതർ വിശദീകരിക്കുന്നു. കുട്ടിയുടൈ എല്ല് പൊട്ടി മൂന്നാമത്തെ ദിവസം തന്നെ കുട്ടിയുടെ കൈയിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന കമ്പാർട്ട്‌മെന്റ് സിൻഡ്രോം എന്ന അവസ്ഥ വന്നു. പിന്നീട് സർജറി ചെയ്‌തെങ്കിലും നീർക്കെട്ട് മാറാനുള്ളത് കൊണ്ട് കൈ തുന്നിക്കെട്ടിയിരുന്നില്ല. അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. പത്താമത്തെ ദിവസമാണ് അണുബാധ ശ്രദ്ധയിൽ പെട്ടത്. ഒപ്പം രക്തം വാർന്നുപോവുകയും ചെയ്തു. രക്തം വാർന്ന് പോയില്ലെങ്കിൽ കൈ രക്ഷിക്കാൻ കഴിയുമായിരുന്നെന്നും ആശുപത്രി വ്യക്തമാക്കി.