കാസർ​ഗോഡ് എൻഡോസൾഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രിയമായെന്ന് പരാതി; മലിനീകരണ ബോർഡുകൾക്ക് നോട്ടീസ്

കാസര്‍ഗോഡ് മിഞ്ചിപദവില്‍ എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയത് അശാസ്ത്രീയമായാണെന്ന പരാതിയില്‍ കേന്ദ്ര, സംസ്ഥാന മലിനീകരണ ബോര്‍ഡുകള്‍ക്ക് ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്. വിദഗ്ധ സമിതി പഠനം നടത്തി ജനുവരി രണ്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്ര സംഘം നാളെ കാസര്‍ഗോഡ് എത്തും. ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ.രവീന്ദ്രനാഥ് ഷാന്‍ഭോഗ് നല്‍കിയ പരാതിയിലാണ് നടപടി. കാലക്രമേണ ഭൂഗര്‍ഭ ജലത്തില്‍ എന്‍ഡോസള്‍ഫാന്‍ സാന്നിധ്യം ഉണ്ടാകുമെന്നാണ് പരാതിയിലെ വാദം.

എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയതിനെതിരെ 2006ലും 2014ലും കാസര്‍ഡോഡ് വ്യാപക പ്രതിഷേധങ്ങള്‍ നടന്നിരുന്നു. കുഴിച്ചുമൂടിയത് മൂലം കീടനാശിനിയുടെ സാന്നിധ്യം ഭൂഗര്‍ഭജലത്തില്‍ ഉള്‍പ്പെടെ ഉണ്ടാകുന്നുവെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. എന്നാല്‍ ഇത് പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിഗദ്ധ സമിതികളുടെ അന്വേഷണത്തില്‍ ഇത്തരം അപകടങ്ങള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

2000ല്‍ കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ നിരോധനം ഏര്‍പ്പെടുത്തിയ ഘട്ടത്തിലാണ് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ അതിര്‍ത്തിഗ്രാമമായ മിഞ്ചിപദവില്‍ എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയത്. എന്‍ഡോസള്‍ഫാന്‍ കുഴിച്ച് മൂടിയത് അശാസ്ത്രീയമായ നടപടിയാണെന്ന് അന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കീടനാശിനി നിര്‍വീര്യമാക്കാതെ കുഴിച്ചുമൂടിയാല്‍ അതിന്റെ ദോഷഫലങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കില്ല എന്നുള്‍പ്പെടെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

Top