കോഴിക്കോട്: വാട്സാപ്പ് കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് സ്വദേശിയുടെ 40,000 രൂപ തട്ടിയതായി പരാതി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോള്‍ ഇന്ത്യാ ലിമിറ്റഡില്‍ നിന്ന് വിരമിച്ചയാളുടെ പണമാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.
ആന്ധ്രാപ്രദേശ് സ്വദേശിയും സുഹൃത്തുമായ ആളാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്‌സാപ്പ് കോള്‍ വഴിയാണ് പണം തട്ടിയത്. ബന്ധുവിന് മുംബൈയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തേണ്ടതിന് പണം അത്യാവശ്യമായി വന്നിരിക്കുന്നെന്ന് പറഞ്ഞാണ് ഫോണ്‍ വിളിച്ചത്. സുഹൃത്തിന്റെ ശബ്ദവും ഫോട്ടോയും എല്ലാം കണ്ടതോടെ മറ്റൊന്നും സംശയിക്കാതെ പണം ഗൂഗിള്‍ പേ മുഖേന നല്‍കുകയായിരുന്നു. നിര്‍മിതബുദ്ധി മുഖേന സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയതെന്ന് പരാതിക്കാരന്‍ പറഞ്ഞു.
കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഇപ്പോള്‍ കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്നും കോഴിക്കോട് സൈബര്‍ സെല്‍ പോലീസ് പറഞ്ഞു.പോലീസ് ആസ്ഥാനത്തേക്ക് ഓണ്‍ലൈന്‍ ആയി നല്‍കിയ പരാതിയാണിതെന്നും ഇതുസംബന്ധിച്ച് കേസെടുത്തിട്ടുണ്ടെന്നും വ്യക്തമാക്കി.