കെഎസ് യുക്കാരനെ എബിവിപിക്കാർ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു; എംജി കോളേജിലാണ് സംഭവം

തിരുവനന്തപുരം: കെഎസ് യു പ്രവർത്തകനായ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന് പരാതി. തിരുവനന്തപുരം എം.ജി.കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിക്കാണ് മർദ്ദനം ഏറ്റത്. കാല് പിടിക്കാമെന്ന് പറഞ്ഞിട്ട് കൂടി മര്‍ദ്ദിച്ചെന്നാണ് ആരോപണം. എബിവിപിയുടെ പരിപാടിയിൽ പങ്കെടുക്കാത്തതിനാണ് മർദ്ദനമെന്നാണ് പരിക്കേറ്റ അശ്വിൻ പറയുന്നത്. എന്നാൽ ആരോപണം എബിവിപി നിഷേധിച്ചു.

ഇന്നലെ ഉച്ചയ്ക്ക് കോളേജ് വരാന്തയിൽ നിന്ന് ഒരു വിഭാഗം വിദ്യാർത്ഥികൾ വിളിച്ചു കൊണ്ടുപോയെന്നാണ് അശ്വിൻറെ പരാതി. കോളേജിലെ ഇടിഞ്ഞ് പൊളിഞ്ഞ ഹോസ്റ്റൽ കെട്ടിടത്തിൽ എത്തിച്ച് സംഘം ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. മർദ്ദനമേറ്റ വിദ്യാർത്ഥിക്ക് വലതു ചെവിക്ക് കേൾവിക്കുറവ് സംഭവിച്ചിട്ടുണ്ട്. അശ്വിൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കെഎസ്‍യു നെയ്യാറ്റിൻകര മണ്ഡലം പ്രസിഡനന്റായ അശ്വിൻ എംജി കോളേജിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നില്ല.

നേരത്തേ ക്യാന്പസ്സിന് പുറത്തുനടന്ന എബിവിപി പരിപാടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ചത് മുതലാണ് ഭീഷണി തുടങ്ങിയതെന്നും അശ്വിൻ പറയുന്നു. പരാതി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും കോളേജ് പ്രിൻസിപ്പാൾ പ്രതികരിച്ചു. എന്നാൽ രാഷ്ട്രീയ സംഘർഷം നടന്നിട്ടില്ലെന്നും. രണ്ട് ക്ലാസുകൾ തമ്മിലുള്ള തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് എബിവിപിയുടെ പ്രതികരണം. ആശുപത്രിയിൽ എത്തി അശ്വിന്റെ മൊഴിയെടുത്ത പേരൂർക്കട പൊലീസ് കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Top