പൊതുവേദിയില്‍ വച്ച് എംഎല്‍എ പി വി ശ്രീനിജനെ അധിക്ഷേപിച്ചെന്ന് പരാതി ; സാബു എം ജേക്കബിനെതിരെ കേസ്

കൊച്ചി: കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജനെ പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ കേസ്. സിപിഐഎം പ്രവര്‍ത്തകന്റെ പരാതിയില്‍ എറണാകുളം പുത്തന്‍ കുരിശു പൊലീസ് കേസെടുത്തത്. സാബു ജേക്കബിന്റെ പരാമര്‍ശം കലാപം ലക്ഷ്യമിട്ടുള്ളതാണെന്ന് എഫ്‌ഐആറില്‍ പറയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം ട്വന്റി 20 സംഘടിപ്പിച്ച മഹാസമ്മേളന വേദിയില്‍ വെച്ചായിരുന്നു സാബു എം ജേക്കബിന്റെ അധിക്ഷേപ പരാമര്‍ശം. മനുഷ്യനും മൃഗവുമല്ലാത്ത ഒരു ജന്തുവിന് കുന്നത്തുനാട്ടുകാര്‍ ജന്മം കൊടുത്തുവെന്നും എല്ലാ ദിവസവും പൗഡറുമിട്ട് മീറ്റിങ്ങുണ്ടോ മീറ്റിങ്ങുണ്ടോയെന്ന് അന്വേഷിച്ച് ഇറങ്ങും എന്നുമാണ് സാബു ജേക്കബ് പ്രസംഗിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പ്രസംഗം ശ്രീനിജനെയാണ് ലക്ഷ്യം വെച്ചിരിക്കുന്നതെന്നും അവഹേളിക്കാന്‍ ഉദ്ദേശിച്ചാണിതെന്നും പരാതിയില്‍ ഉന്നയിക്കുന്നത്.

Top