അഹമ്മദാബാദ്:ഏകദിന ലോകകപ്പിലെ ത്രില്ലര്‍ പോരാട്ടത്തിനിടെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മൊബൈല്‍ ഫോണുകള്‍ കാണാതായവര്‍ ഏറെ. 24 പേരാണ് നിലവില്‍ പൊലീസില്‍ പരാതിപ്പെട്ടത്. എന്നാല്‍ ഐ ഫോണുകളുള്‍പ്പെടെ മോഷണം പോയതായി പലരും എക്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രതികരിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
അഹമ്മദാബാദ് പൊലീസില്‍ പരാതി നല്‍കിയതായി നടി പ്രതികരിച്ചു. ഫോണ്‍ കണ്ടെത്താന്‍ തന്നെ സഹായിക്കണമെന്നും ഉര്‍വശി സമൂഹമാധ്യമങ്ങളില്‍ അഭ്യര്‍ഥിച്ചു. നടിയുടെ പരാതി ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ഇന്‍സ്‌പെക്ടര്‍ വി.ജെ. ജഡേജ ദേശീയ മാധ്യമത്തോടു പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കു ശേഷമാണു ഫോണ്‍ നഷ്ടപ്പെട്ടതു നടി ശ്രദ്ധിച്ചത്. സ്റ്റേഡിയത്തിലെ സൗത്ത് പ്രീമിയം സെന്റര്‍ ബേയിലാണ് നടി കളി കാണാന്‍ ഇരുന്നത്.
സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച പരിശോധന നടത്തുമെന്നും സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തിനായി 11,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് അഹമ്മദാബാദ് പൊലീസ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വിന്യസിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കടുത്ത ആരാധികയായ ഉര്‍വശി മുന്‍പ് ടീം ഇന്ത്യയുടെ മത്സരങ്ങള്‍ കാണാന്‍ യുഎഇയിലേക്കും ശ്രീലങ്കയിലേക്കും പോയിട്ടുണ്ട്. ഏഴു വിക്കറ്റ് വിജയമാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 30.3 ഓവറില്‍ ഇന്ത്യ വിജയത്തിലെത്തി.