‘സി സ്‌പേസ്’ ആപ്പില്‍ ലോഗിന്‍ നോക്കിയപ്പോള്‍ ഒടിടി വരുന്നില്ലെന്ന് പരാതി ; മറുപടിയുമായി സിനിമ മന്ത്രി

ര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ് ഫോമായ ‘സി സ്‌പേസ്’ കഴിഞ്ഞ ദിവസമാണ് കേരളം അവതരിപ്പിച്ചത്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് (കെഎസ്എഫ് ഡിസി) സി സ്‌പേസിന്റെ നിര്‍വ്വഹണച്ചുമതല. കാണുന്ന സിനിമയ്ക്ക് മാത്രം പണം നല്‍കുക എന്ന വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന സി സ്‌പേസില്‍ ഒരു സിനിമ 75 രൂപയ്ക്ക് കാണാം. സി സ്‌പേസില്‍ സ്ട്രീം ചെയ്യുന്ന 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തിന് 40 രൂപയും 30 മിനിറ്റുള്ളവയ്ക്ക് 30 രൂപയും 20 മിനിറ്റുള്ളവയ്ക്ക് 20 രൂപയുമാണ് ഈടാക്കുക. ഈടാക്കുന്ന തുകയുടെ പകുതി തുക നിര്‍മ്മാതാവിന് ലഭിക്കും. പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്‌പേസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം

ഇപ്പോള്‍ സീ സ്‌പേസിനെ കുറിച്ച് ഒരു സിനിമ ഗ്രൂപ്പില്‍ വന്ന പരാതിയാണ് ശ്രദ്ധ നേടുന്നത്. സീ സ്‌പേസ് ആപ്പ് വളരെ പ്രതീക്ഷയോടെയാണ് ഇന്‍സ്റ്റാള്‍ ചെയ്തതെന്നും എന്നാല്‍ മൊബൈല്‍ നമ്പര്‍ ലോഗിന്‍ നോക്കിയപ്പോള്‍ ഒടിടി വരുന്നില്ലെന്നുമായിരുന്നു പരാതി. ലോഗിന്‍ ചെയ്യാന്‍ പോലും ശേഷി ഇല്ലാത്ത ആപ്പില്‍ എങ്ങനെ ആണ് 100, 1000 പേര്‍ക്ക് ഒരേ സമയം സ്ട്രീമിംഗ് ചെയ്യാന്‍ സാധിക്കുകയെന്നും പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍, മന്ത്രി സജി ചെറിയാന്‍ തന്നെ പരാതിക്ക് പോസ്റ്റില്‍ തന്നെ മറുപടി പറഞ്ഞു. പരിശോധിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്താണ് ഇഷ്യൂ എന്ന് നോക്കാം എന്നായിരുന്നു സജി ചെറിയാന്റെ മറുപടി.

അതേസമയം, നിര്‍മ്മാതാക്കള്‍ക്ക് അവരുടെ സിനിമകള്‍ കാണുന്ന പ്രേക്ഷകരുടെ പിന്തുണയിലൂടെ നിര്‍മ്മാണച്ചെലവ് തിരിച്ചുപിടിക്കാനുള്ള അവസരം നല്‍കിക്കൊണ്ട് ക്രൗഡ് ഫണ്ടിംഗില്‍ പുതിയ സമ്പ്രദായം ആരംഭിക്കാനാണ് സി സ്‌പേസ് ഉദ്ദേശിക്കുന്നത്. സി സ്‌പേസിലേക്കുള്ള സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ചലച്ചിത്രപ്രവര്‍ത്തകരായ സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, സണ്ണി ജോസഫ്, ജിയോ ബേബി, എഴുത്തുകാരായ ഒ.വി ഉഷ, ബെന്യാമിന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള 60 അംഗ ക്യൂറേറ്റര്‍ സമിതി കെഎസ്എഫ് ഡിസി രൂപീകരിച്ചിട്ടുണ്ട്.

Top