കോഴിക്കോട്: വടകര നവകേരള സദസില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. സാമ്പത്തിക തട്ടിപ്പ് കേസില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ 63 ലക്ഷം രൂപ നല്‍കണമെന്ന കോടതി വിധി നടപ്പായിക്കിട്ടാന്‍ സഹായിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
വടകര മുട്ടുങ്ങല്‍ സ്വദേശി എ.കെ യൂസഫ് ആണ് പരാതി നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പരാതിക്കാരന്‍ മുഖ്യമന്ത്രിക്ക് ഇ മെയില്‍ വഴി പരാതി നല്‍കിയിരുന്നു. ഇതിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും പരാതി നല്‍കുന്നതെന്ന് പരാതിക്കാരന്‍ പറഞ്ഞു. കോടതി വിധി പ്രകാരം പണം നല്‍കാതെ മന്ത്രി കബളിപ്പിക്കുകയാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി പുറത്തുപോകുന്നതില്‍ വേവലാതിപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാം വളര്‍ന്നുവന്ന സാഹചര്യം അല്ല പുതിയ തലമുറയുടേത്. ലോകം അവരുടെ കൈകുമ്പിളിലാണ്. വിദേശത്ത് പോയി പഠിക്കാന്‍ അവര്‍ക്ക് താല്പര്യം കാണും. വിദ്യാര്‍ത്ഥികളുടെ അഭിപ്രായങ്ങള്‍ക്കൊപ്പം രക്ഷിതാക്കള്‍ നില്‍ക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.